Kerala Lottery : സംസ്ഥാന ഭാഗ്യക്കുറിയുടെ വ്യാജൻ ഓൺലൈനിൽ, മൊബൈൽ ആപ്പ് വഴി വൻ തട്ടിപ്പ്, ഇരകൾ അതിഥി തൊഴിലാളികൾ

By Web TeamFirst Published Mar 31, 2022, 7:56 AM IST
Highlights

സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസമായി കേരള ലോട്ടറി ഓൺലൈനായി എടുക്കാം എന്ന പരസ്യം പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്ത് ഓൺലൈൻ ലോട്ടറി വിൽപ്പനയ്ക്ക് നിരോധനം നിലനിൽക്കെ ഇതെങ്ങനെ സാധ്യമാകും. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിക്കുന്നു...

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ (Kerala Lottery) പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വിൽപ്പന (Online Lottery Fraud) സജീവം. കാരുണ്യ, നിർമൽ ലോട്ടറികളുടെ വ്യാജനാണ് മൊബൈൽ ആപ്പ് (Mobiel App) വഴി വ്യാപകമായി വിറ്റഴിക്കുന്നത്. ഓൺലൈൻ ലോട്ടറികൾക്ക് സംസ്ഥാനത്ത് നിരോധനം നിലനിൽക്കെയാണ് സർക്കാർ ഭാഗ്യക്കുറിയുടെ പേര് ഉപയോഗിച്ചുള്ള ഈ വൻ തട്ടിപ്പ്. സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസമായി കേരള ലോട്ടറി ഓൺലൈനായി എടുക്കാം എന്ന പരസ്യം പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്ത് ഓൺലൈൻ ലോട്ടറി വിൽപ്പനയ്ക്ക് നിരോധനം നിലനിൽക്കെ ഇതെങ്ങനെ സാധ്യമാകും. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിക്കുന്നു...

പേര് കേട്ടാൽ ഒറ്റനോട്ടത്തിൽ ആരും സംശയിക്കില്ല. കേരള ലോട്ടറി ഓൺലൈൻ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യം. ആപ്പിന് തരക്കേടില്ലാത്ത റേറ്റിംഗും ഉണ്ട്. ഇൻസ്റ്റാൾ ചെയ്താൽ സംസ്ഥാന സർക്കാരിന്‍റെ ലോട്ടറികളെല്ലാം ആപ്പിൽ കിട്ടും. ഫലങ്ങളും കാണാം. ആപ്പിലൂടെ ലോട്ടറിയെടുക്കാൻ കുറഞ്ഞത് 200 രൂപ മുടക്കണം. ഇതിന് 40 രൂപയുടെ അഞ്ച് ടിക്കറ്റുകളോ അല്ലെങ്കിൽ തുകയ്ക്ക് ആനുപാതികമായ ടിക്കറ്റുകളോ കിട്ടും. പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടില്ലെങ്കിലും ലോട്ടറി ടിക്കറ്റിലേക്കൊന്ന് സൂക്ഷിച്ച് നോക്കിയാൽ തട്ടിപ്പ് തെളിഞ്ഞ് വരും.

Latest Videos

മട്ടും ഭാവവും ഒരുപോലെയാണെങ്കിലും വ്യാജനിൽ സർക്കാരിന്‍റെ മുദ്രയോ ഹോളോഗ്രാമോ ഇല്ല. സ്ഥിരം ടിക്കറ്റ് എടുക്കുന്നവ‍ർക്ക് വ്യാജനാണെന്ന് എളുപ്പം മനസിലാകും. പക്ഷേ വല്ലപ്പോഴും ടിക്കറ്റ് എടുക്കുന്നവർക്കും ഇതര സംസ്ഥാനക്കാർക്കും വ്യാജനെ തിരിച്ചറിയുക പ്രയാസമാണ്. കേരള ഭാഗ്യക്കുറിയുടെ ആകർഷകമായ സമ്മാനം മോഹിച്ച് പണം മുടക്കിയ ഇതര സംസ്ഥാനക്കാരാണ് വ്യാജനിൽ വഞ്ചിക്കപ്പെടുന്നവരിലേറെയും. ഇവർക്കൊപ്പം മലയാളികളും ഈ തട്ടിപ്പിൽ പെട്ടിട്ടുണ്ട്.

സർക്കാർ ഓൺലൈൻ വഴി ഭാഗ്യക്കുറി വിൽപ്പന തുടങ്ങിയോ എന്നറിയാൻ ഞങ്ങൾ ലോട്ടറി വകുപ്പിനെ സമീപിച്ചു. കേരള സ‍ർക്കാർ ഓൺലൈൻ ലോട്ടറി വിൽക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന ഭാഗ്യക്കുറിയുടെ വിശ്വാസ്യതയാണ് ഓൺലൈൻ തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നത്. ഒപ്പം ഭാഗ്യക്കുറി വിറ്റ് കഴിയുന്ന സാധാരണക്കാരുടെ ഉപജീവനവും ഇല്ലാതാക്കുന്നു. വ്യാജന് തടയിട്ട് തട്ടിപ്പുകാരെ പിടിക്കാൻ സർക്കാർ അടിയന്തരമായ ഇടപെടണം.
 

click me!