പ്ലേ ഓഫില്‍ ഇനി സ്ഥാനമില്ല; എങ്കിലും ഒരു ആധികാരിക ജയം തേടി ബ്ലാസ്റ്റേഴ്‌സും ചെന്നൈയിനും നേര്‍ക്കുനേര്‍

By Web Team  |  First Published Feb 21, 2021, 11:11 AM IST

പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച രണ്ട് ടീമുകളാണ് ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ്‌സിയും. നാട്ടിലേക്ക് മടങ്ങും മുമ്പ് ആധികാരികമായയ ഒരു ജയമെങ്കിലും ഇരുവരും ആഗ്രഹിക്കും. 


ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന ആദ്യ കളിയില്‍ ഗോവ മുന്‍ ചാംപ്യന്മാരായ ബംഗളൂരു എഫ്‌സിയെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച രണ്ട് ടീമുകളാണ് ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ്‌സിയും. നാട്ടിലേക്ക് മടങ്ങും മുമ്പ് ആധികാരികമായയ ഒരു ജയമെങ്കിലും ഇരുവരും ആഗ്രഹിക്കും. 

ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്താണ്. മുന്‍ ചാംപ്യന്മാരായ ചെന്നൈയിന്‍ എട്ടാമതാണ്. തുടര്‍ തിരിച്ചടികള്‍ നേരിട്ട ബ്ലാസ്റ്റേഴ്‌സ്, കോച്ച് കിബു വികൂനയെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരം കൂടിയാണിത്. താല്‍ക്കാലിക കോച്ച് ഇഷ്ഫാഖ് അഹമ്മദിന്റെ മേല്‍നോട്ടത്തിലാവും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. പരിക്കില്‍ നിന്ന് മുക്തനായ ഫക്കുന്‍ഡോ പെരേര ബ്ലാസ്റ്റേഴ്‌സ് നിരയില്‍ തിരിച്ചെത്തിയേക്കും. 

Latest Videos

undefined

പ്രതിരോധ നിരയുടെ പിഴവുകളാണ് ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ തിരിച്ചടിയായത്. 22 ഗോള്‍ നേടിയപ്പോള്‍ 33 ഗോള്‍ വാങ്ങിക്കൂട്ടി. 18 കളിയില്‍ ആകെ ജയിക്കാനായത് മൂന്ന് കളിയില്‍ മാത്രം. എട്ട് തോല്‍വിയും ഏഴ് സമനിലയും കൂടിയായപ്പോള്‍ കലിപ്പും കടവും ഈ സീസണിലും ബാക്കിയായി. അവസാന മത്സരത്തിന് ഇറങ്ങുന്ന ചെന്നൈയിനും ജയിക്കാനായത് മൂന്ന് കളിയില്‍ മാത്രം. ഇരുടീമും 15 കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 

ആറ് മത്സരങ്ങളില്‍ ചെന്നൈയിനും മൂന്നില്‍ ബ്ലാസ്റ്റേഴ്‌സും ജയിച്ചു. ആറ് കളി സമനിലയില്‍ അവസാനിച്ചു. സീസണിലെ ആദ്യ പാദത്തിലും ഇരുടീമും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
 

click me!