ISL 2021-22 : ഈസ്റ്റ് ബംഗാളിനെതിരെ ജംഷഡ്പൂര്‍ എഫ്‌സിക്ക് ജയം; കേരള ബ്ലാസ്റ്റേഴ്‌സിന് ഒന്നാംസ്ഥാനം നഷ്ടം

By Web Team  |  First Published Jan 11, 2022, 9:56 PM IST

ഇന്ന് ഈസ്റ്റ് ബംഗാളിനെ (East Bengal) തോല്‍പ്പിച്ചതോടെയാണ് ടീം ഒന്നാമെത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. ഇഷാന്‍ പണ്ഡിതയാണ് ഗോള്‍ നേടിയത്. ഈസ്റ്റ് ബംഗാളിന്റെ അഞ്ചാം തോല്‍വിയാണിത്.


ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിനെ (Kerala Blasters) പിന്തള്ളി ജംഷഡ്പൂര്‍ എഫ്‌സി ഒന്നാം സ്ഥാനത്ത്. ഇന്ന് ഈസ്റ്റ് ബംഗാളിനെ (East Bengal) തോല്‍പ്പിച്ചതോടെയാണ് ടീം ഒന്നാമെത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. ഇഷാന്‍ പണ്ഡിതയാണ് ഗോള്‍ നേടിയത്. ഈസ്റ്റ് ബംഗാളിന്റെ അഞ്ചാം തോല്‍വിയാണിത്. 11 മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ 19 പോയിന്റാണ് ജംഷഡ്പൂരിന്. ഒരു മത്സരം കുറവ് കളിച്ച ബാസ്റ്റേഴ്‌സിന് 17 പോയിന്റും.

പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ജംഷഡ്പൂര്‍ തന്നെയായിരുന്നു മുന്നില്‍. 14 ഷോട്ടുകളാണ് മത്സരത്തിലുടനീളം ജംഷഡ്പൂര്‍ പായിച്ചത്. ഇതില്‍ നാലെണ്ണം ഗോള്‍ കീപ്പറെ പരീക്ഷിച്ചു. ഈസ്റ്റ് ബംഗാളിന് ഏഴ് ഷോട്ടുകളുതിര്‍ക്കാന്‍ മാത്രമാണ് സാധിച്ചത്. ഒരിക്കല്‍ മാത്രമാണ് പന്ത് ഗോള്‍ ലക്ഷ്യമാക്കി വന്നത്. അതാവട്ടെ ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തുകയും ചെയ്തു. മത്സരത്തിന്റെ 63 ശതമാനവും ജംഷഡ്പൂര്‍ പന്ത് കൈവശം വച്ചു. 

Latest Videos

undefined

ഇന്ത്യന്‍ താരങ്ങളെ മാത്രം അണിനിരത്തിയ ഈസ്റ്റ് ബംഗാളിനെ 88-ാം മിനിറ്റിലെ ഗോളിലാണ് ജംഷഡ്പൂര്‍ തോല്‍പ്പിച്ചത്. കഴിഞ്ഞ മത്സരത്തില്‍ എക്‌സ്ട്രാ ടൈമില്‍ വിജയ ഗോള്‍ നേടിയ ഇഷാന്‍ ഇന്നും രക്ഷകനായി. കോര്‍ണര്‍ കിക്കില്‍ തലവച്ചാണ് താരം വല കുലുക്കിയത്. 

നാളെ കേരള ബ്ലാസ്റ്റേഴ്‌സ് 11-ാം മത്സരത്തിനിറങ്ങും. ഒഡീഷ എഫ്‌സിയാണ് മഞ്ഞപ്പടയുടെ എതിരാളി. ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാം. ഒമ്പത് മത്സരങ്ങില്‍ 13 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഒഡീഷ. 17 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തും.

click me!