ജീവന്‍ നിലനിര്‍ത്താന്‍ ജയിക്കണം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ

By Web Team  |  First Published Feb 3, 2021, 9:30 AM IST

പതിനാറാം മത്സരത്തിനിറങ്ങുമ്പോൾ 15 പോയിന്റുമായി ലീഗിൽ ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.


മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക.

സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മുംബൈ സിറ്റിയും ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സും മുഖാമുഖം വരുമ്പോൾ സമ്മർദ്ദം ബ്ലാസ്റ്റേഴ്സിനാണ്. പതിനാറാം മത്സരത്തിനിറങ്ങുമ്പോൾ 15 പോയിന്റുമായി ലീഗിൽ ഒൻപതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങളെല്ലാം നി‍ർണായകം. 

Latest Videos

undefined

14 കളിയിൽ 30 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന മുംബൈയുടെ നില ഭദ്രം. എടികെ മോഹൻ ബഗാനെതിരെ രണ്ട് ഗോൾ ലീഡ് നേടിയിട്ടും തോൽവി നേരിട്ട ബ്ലാസ്റ്റേഴ്സിന് മുംബെയെ പിടിച്ചുകെട്ടണമെങ്കിൽ പിഴവുകൾ തിരുത്തിയേ മതിയാവൂ. വിശ്വസ്തമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രതിരോധ നിരയിലെ വിള്ളലുകളാണ് പ്രധാന ആശങ്ക. 19 ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് 25 ഗോൾ വഴങ്ങി. 

മുംബൈ കരുത്തരെങ്കിലും വെല്ലുവിളി ഏറ്റെടുക്കാൻ ബ്ലാസ്റ്റേഴ്സ് സജ്ജരെന്ന് കോച്ച് കിബു വികൂന പറയുന്നു. സെ‍ർജിയോ ലൊബേറോയുടെ ശിക്ഷണത്തിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന മുംബൈ അവസാന നാല് കളിയിൽ ജയിച്ചത് ഒരിക്കൽ മാത്രം. ലക്ഷ്യം വ്യക്തമായതിനാൽ ടീം വിജയവഴിയിൽ തിരിച്ചെത്തുമെന്ന് ഉറപ്പിച്ചാണ് മുംബൈ കോച്ച് ടീമിനെ ഇറക്കുക. 

മുൻ നായകൻ ബാർത്തലോമിയോ ഒഗ്‌ബചേ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സിന് ഏറ്റവും വലിയ വെല്ലുവിളിയാവുക. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈ എതിരില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചിരുന്നു. 

ബെംഗളൂരു വിജയവഴിയില്‍

അതേസമയം ബെംഗളൂരു എഫ്‌സി വിജയവഴിയിൽ തിരിച്ചെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ ബെംഗളൂരു എതിരില്ലാത്ത രണ്ട് ഗോളിന് ഈസ്റ്റ് ബംഗാളിനെ തോൽപിച്ചു. ഒൻപത് മത്സരങ്ങൾക്കിടെ ബിഎഫ്‌സിയുടെ ആദ്യ ജയമാണിത്. പതിനൊന്നാം മിനിറ്റിൽ ക്ലെയ്റ്റൺ സിൽവയാണ് ബിഎഫ്‌സിയെ മുന്നിലെത്തിച്ചത്. ദേബ്ജിത് മജുംദാറിന്റെ സെൽഫ് ഗോൾ ഈസ്റ്റ് ബംഗാളിന്റെ പതനം പൂർത്തിയാക്കി. 

സീസണിൽ ഈസ്റ്റ് ബംഗാളിന്റെ ആറാം തോൽവിയാണിത്. 18 പോയിന്റുമായി ബെംഗളൂരു ലീഗിൽ ആറാം സ്ഥാനത്തേക്കുയർന്നു. 13 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്താണ്.  

ഒന്‍പത് ഗോള്‍; സതാംപ്റ്റണ് മേല്‍ പെയ്‌തിറങ്ങി യുണൈറ്റഡ്

click me!