കുതിപ്പ് തുടരുമോ മുംബൈ സിറ്റി; എതിരാളികള്‍ ചെന്നൈയിന്‍ എഫ്‌സി

By Web Team  |  First Published Jan 25, 2021, 10:41 AM IST

ഏഴാം സീസണില്‍ എതിരാളികൾക്ക് പിടിച്ചുകെട്ടാനാവാതെ കുതിക്കുകയാണ് മുംബൈ സിറ്റി.


മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് ചെന്നൈയിൻ എഫ്‌സിയെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. ഏഴാം സീസണില്‍ എതിരാളികൾക്ക് പിടിച്ചുകെട്ടാനാവാതെ കുതിക്കുകയാണ് മുംബൈ സിറ്റി. അതേസമയം പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ പാടുപെടുന്നു ചെന്നൈയിൻ എഫ്‌സി. 

സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമും ഏറ്റവും കുറച്ച് ഗോൾ നേടിയ ടീമും നേർക്കുനേർ വരുന്ന മത്സരം. 12 കളിയിൽ 29 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മുംബൈ പതിനെട്ട് തവണയാണ് എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്. വഴങ്ങിയതാവട്ടെ നാല് ഗോളും. ചെന്നൈയിന് ഇതുവരെ പത്ത് ഗോൾ നേടാനേ കഴിഞ്ഞിട്ടുള്ളൂ. പതിമൂന്ന് ഗോൾ തിരിച്ചുവാങ്ങുകയും ചെയ്തു. 

Latest Videos

undefined

മുന്നേറ്റത്തിനൊപ്പം പ്രതിരോധവും കടുപ്പമാക്കിയ മുംബൈ അവസാന പതിനൊന്ന് കളിയിലും തോൽവി അറിഞ്ഞ‌ിട്ടില്ല. അവസാന കളിയിൽ എടികെ ബഗാനോട് തോറ്റതോടെ 13 കളിയിൽ ഏഴിലും സ്കോർ ചെയ്യാത്ത ആദ്യ ടീമായി ചെന്നൈയിൻ. സെർജിയോ ലെബോറോയുടെ തന്ത്രങ്ങളുമായി ഇറങ്ങുന്ന മുംബൈയെ പിടിച്ചുകെട്ടാൻ മുൻ ചാമ്പ്യൻമാരായ ചെന്നൈയിന് നിലവിലെ കളി മതിയാവില്ല. 

ഇരുടീമും 15 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ചെന്നൈയിൻ ഏഴിലും മുംബൈ അഞ്ചിലും ജയിച്ചു. സീസണിലെ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈ ഒന്നിനെതിരെ രണ്ട് ഗോളിന് ഗോളിന് ചെന്നൈയിനെ തോൽപിച്ചിരുന്നു.

ഇന്നലെ ജംഷെഡ്പൂർ എഫ്‌സി-ഹൈദരാബാദ് എഫ്‌സി മത്സരം ഗോള്‍രഹിതസമനിലയിൽ അവസാനിച്ചു. 18 പോയിന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തും 14 പോയിന്റുമായി ജംഷെഡ്പൂ‍ർ എട്ടാം സ്ഥാനത്തുമാണ്. രണ്ടാം മത്സരത്തില്‍ കളി തീരാൻ എട്ടുമിനിറ്റുള്ളപ്പോൾ എറിക് പാർത്തലുവിന്‍റെ ഗോളില്‍ ബെംഗളൂരു എഫ്‌സി, ഒഡിഷയ്‌ക്കെതിരെ സമനിലയുമായി (1-1) രക്ഷപ്പെട്ടു. 

13 കളിയിൽ പതിനാല് പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് ബെംഗളൂരു. എട്ട് പോയിന്റ് മാത്രമുള്ള ഒഡിഷ അവസാന സ്ഥാനത്ത് തുടരുന്നു. 

ക്ലീന്‍ പ്ലേയര്‍; ഹീറോ ഓഫ് ദ് മാച്ചായി ക്ലീറ്റണ്‍ സില്‍വ

click me!