റോയ് കൃഷ്‌ണയല്ലാതെ മറ്റാര്! വീണ്ടും ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം

By Web Team  |  First Published Jan 3, 2021, 9:53 PM IST

ഐഎസ്എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിശ്വസ്തനായ ഗോളടിയന്ത്രങ്ങളില്‍ ഒരാളെന്ന വിശേഷണം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തിലും തെളിയിക്കുകയായിരുന്നു ഈ ഫിജിയന്‍ താരം. 


മഡ്‌ഗാവ്: ഐഎസ്എല്‍ ഏഴാം സീസണില്‍ ആറാം ജയവുമായി എടികെ മോഹന്‍ ബഗാന്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചപ്പോള്‍ താരമായത് സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്‌ണ. ഐഎസ്എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിശ്വസ്തനായ ഗോളടിയന്ത്രങ്ങളില്‍ ഒരാളെന്ന വിശേഷണം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തിലും പുറത്തെടുക്കുകയായിരുന്നു ഈ ഫിജിയന്‍ താരം. 

എടികെ മോഹന്‍ ബഗാന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചപ്പോള്‍ 51-ാം മിനുറ്റിലായിരുന്നു റോയ് കൃഷ്‌ണയുടെ ഗോള്‍. മറ്റൊരു ഗോള്‍ ബെഞ്ചമിന്‍ ലാംബോട്ടിന്‍റെ ഓണ്‍ഗോളില്‍ നിന്നും. 

Latest Videos

undefined

കഴിഞ്ഞ സീസണിലാണ് തന്‍റെ പൂര്‍വികരുടെ നാടായ ഇന്ത്യയില്‍ പന്ത് തട്ടാന്‍ റോയ് കൃഷ്‌ണ വിമാനം കയറിയത്. പറന്നിറങ്ങിയത് ഫുട്ബോളിന് പ്രിയപ്പെട്ട കൊല്‍ക്കത്തയിലും. ഓസ്‌ട്രേലിയയിലെ ഒന്നാം ഡിവിഷന്‍ ലീഗായ എ ലീഗിലെ ടോപ് സ്‌കോറര്‍ പദവിയുമായായിരുന്നു ഇന്ത്യയിലേക്കുള്ള വരവ്. രണ്ടാം മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ വലകുലുക്കി. അതോടെ കൊല്‍ക്കത്തയിലെ ഫുട്ബോള്‍ ആരാധകരുടെ ഹീറോയായി താരം. ആദ്യ സീസണില്‍ തന്നെ എടികെയ്‌ക്കായി 15 ഗോളും കിരീടവും. അതോടെ കരാര്‍ ഒരു വര്‍ഷം കൂടി ക്ലബ് നീട്ടി. 

ഏഴാം സീസണില്‍ എടികെ, മോഹന്‍ ബഗാനുമായി ലയിച്ച് പുത്തന്‍ ലുക്കില്‍ അണിനിരന്നപ്പോഴും റോയ് കൃഷ്‌ണയ്‌ക്ക് മാറ്റമുണ്ടായിരുന്നില്ല. കളിച്ച ഒന്‍പത് മത്സരങ്ങളില്‍ ലക്ഷ്യം കണ്ടത് ആറ് തവണ. അങ്ങനെ ഈ സീസണിലും റോയ് കൃഷ്‌ണയുടെ ചുമലിലേറി എടികെ കുതിക്കുകയാണ്. 

എടികെയിലെത്തുന്നതിന് മുമ്പ് ന്യൂസിലൻ‍ഡിലെ വെല്ലിംഗ്ടൻ ഫീനിക്സ് ക്ലബിന്‍റെ മുന്നേറ്റ താരമായിരുന്ന റോയ് കൃഷ്ണ. വെല്ലിംഗ്ടണ്‍ ഫീനിക്‌സിനായി 125 മത്സരങ്ങളില്‍ നിന്നും 52 ഗോളുകള്‍ നേടി. 2018ലെ മികച്ച ഓസ്‌ട്രേലിയൻ ക്ലബ് താരത്തിനുള്ള ജോണി വാറൻ മെഡലും എ ലീഗിലെ ഗോൾഡൻ ബൂട്ടും റോയ് കൃഷ്ണ നേടിയിരുന്നു. ഫിജിയന്‍ ദേശീയ ടീമിന്‍റെ നായകന്‍ കൂടിയായ താരം അവിടെ 40 മത്സരങ്ങളില്‍ 29 തവണ ലക്ഷ്യംകണ്ടു. 

വീണ്ടും റോയ് കൃഷ്‌ണ; എടികെ മോഹന്‍ ബഗാന്‍ തലപ്പത്ത് തിരിച്ചെത്തി

click me!