സെമിഫൈനല്‍ ലക്ഷ്യമിട്ട് നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി. തുടര്‍തോല്‍വികളില്‍ നട്ടംതിരിയുന്ന ഈസ്റ്റ് ബംഗാള്‍. 17 കളിയില്‍ ഒന്നില്‍ മാത്രം ജയിച്ച ഈസ്റ്റ് ബംഗാളിന് നഷ്ടപ്പെടാനൊന്നില്ല.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) മുംബൈ സിറ്റി (Mumbai City) ഇന്ന് ഈസ്റ്റ് ബംഗാളിനെ (East Bengal) നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. സെമിഫൈനല്‍ ലക്ഷ്യമിട്ട് നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി. തുടര്‍തോല്‍വികളില്‍ നട്ടംതിരിയുന്ന ഈസ്റ്റ് ബംഗാള്‍. 17 കളിയില്‍ ഒന്നില്‍ മാത്രം ജയിച്ച ഈസ്റ്റ് ബംഗാളിന് നഷ്ടപ്പെടാനൊന്നില്ല. ലീഗ് റൗണ്ട് അവസാനിക്കും മുന്‍പ് അവസാന സ്ഥാനത്തുനിന്ന് രക്ഷപ്പെടുകയാണ് ഈസ്റ്റ് ബംഗാളിന്റെ ലക്ഷ്യം.
17 ഗോളടിച്ച ഈസ്റ്റ് ബംഗാള്‍ വഴങ്ങിയത് 33 ഗോളാണ്. 16 കളിയില്‍ 31 ഗോളടിച്ച മുംബൈ സിറ്റിയെ പിടിച്ചുനിര്‍ത്തുക ഈസ്റ്റ് ബംഗാളിന് ഒട്ടും എളുപ്പമാവില്ല. 25 പോയിന്റുമായി ആറാം സ്ഥാനത്തുള്ള മുംബൈയ്ക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകം. ഇന്ന് ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചാല്‍ ബെംഗളൂരുവിനെയും കേരള ബ്ലാസ്റ്റേഴ്‌സിനെയും മറികടന്ന് നാലാം സ്ഥാനത്തേക്കുയരും. അവസാന മത്സരത്തില്‍ ജംഷെഡ്പൂരിനോട് മുംബൈ തോറ്റിരുന്നു.
undefined
സ്‌ട്രൈക്കര്‍ ഇഗോര്‍ അംഗ്യൂലോയുടെ കാലുകളിലാണ് മുംബൈയുടെ പ്രതീക്ഷ. അഹമ്മദ് ജാഹു, ബിപിന്‍ സിംഗ്, ലാലിയന്‍ സുവാല ചാംഗ്‌തേ, ലാലംഗ് മാവിയ റാള്‍ട്ടേ എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മുംബൈയും ഈസ്റ്റ് ബംഗാളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
ബംഗളൂരു പ്രതീക്ഷ നിലനിര്‍ത്തി
ഐ എസ് എല്ലില്‍ സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി ബെംഗുളൂരു എഫ് സി. നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തോല്‍പിച്ചു. നന്ദകുമാറിന്റെ ഗോളിലൂടെ എട്ടാം മിനിറ്റില്‍ മുന്നിലെത്തിയ ശേഷമാണ് ഒഡിഷയുടെ തോല്‍വി.
ഡാനിഷ് ഫാറൂക് ഭട്ട്, ക്ലെയ്റ്റന്‍ സില്‍വ എന്നിവരാണ് ബി എഫ് സിയുടെ ഗോളുകള്‍ നേടിയത്. 31, 49 മിനിറ്റുകളിലായിരുന്നു ബിഎഫ്‌സിയുടെ ഗോളുകള്‍. ജയത്തോടെ 18 കളിയില്‍ 26 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍ ബിഎഫ്‌സി. 22 പോയിന്റുള്ള ഒഡിഷയുടെ സെമി സാധ്യതകള്‍ അവസാനിച്ചു.