കണ്ടെയ്നറിൽ നിറയെ വാഴപ്പഴം, കൂളിംഗ് സംവിധാനത്തിൽ 80 പൊതികൾ, കണ്ടെത്തിയത് 25 കോടിയുടെ കൊക്കെയ്ൻ

By Web Team  |  First Published Aug 13, 2024, 2:02 PM IST

ഇക്വഡോറിൽ നിന്നെത്തിയ കപ്പലിലാണ് നൂറ് കിലോയിലേറെ കൊക്കെയ്ൻ കണ്ടെത്തിയത്. കപ്പലിലെ കണ്ടെയ്നറിൽ എക്സ് റേ പരിശോധന നടത്തിയപ്പോഴാണ് അസ്വഭാവികത കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. കണ്ടെയ്നറിലെ കൂളിംഗ് സംവിധാനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ


തെസ്സലോനികി: കണ്ടെയ്നറിൽ കൊണ്ടുവന്ന വാഴപ്പഴത്തിനുള്ളിൽ നിന്ന് പിടികൂടിയത് നൂറ് കിലോയോളം  കൊക്കെയ്ൻ. ഗ്രീസിലെ രണ്ടാമത്തെ വലിയ നഗരമായ തെസ്സലോനികിയിലാണ്  മൂന്ന് മില്യൺ ഡോളർ (ഏകദേശം 2251892900 രൂപ) വിലവരുന്ന കൊക്കെയ്ൻ പിടികൂടുന്നത്. ഗ്രീസിലെ വടക്കൻ മേഖലയിലെ തെസ്സലോനികിയിലെ തുറമുഖത്തേയ്ക്കാണ് വാഴപ്പഴവുമായി കപ്പലെത്തിയത്. ഇക്വഡോറിൽ നിന്നെത്തിയ കപ്പലിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. റൊമേനിയയിലേക്കുള്ളതായിരുന്നു കപ്പലിലെ വസ്തുക്കൾ. 

ഫ്രെഞ്ച് കമ്പനിയാണ് ഷിപ്പിലെ വസ്തുക്കൾ അയച്ചത്. കപ്പലിലെ കണ്ടെയ്നറിൽ എക്സ് റേ പരിശോധന നടത്തിയപ്പോഴാണ് അസ്വഭാവികത കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. കണ്ടെയ്നറിലെ കൂളിംഗ് സംവിധാനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ കണ്ടെത്തിയത്. 80 പാക്കറ്റുകളിലാക്കിയാണ് കൊക്കെയ്ൻ ഒളിപ്പിച്ച് വച്ചിരുന്നത്. കണ്ടെത്തിയ കൊക്കെയ്ൻ കണ്ടെയ്നർ അടക്കം പൊലീസിന് കൈമാറിയിരിക്കുകയാണ്. കണ്ടെയ്നർ കൈപ്പറ്റേണ്ടിയിരുന്ന ആളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. അടുത്തിടെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഴപ്പഴത്തിനുള്ളിൽ കൊക്കെയ്ൻ ഒളിപ്പിച്ച് കടത്തുന്നത് പിടിയിലായിരുന്നു.  

Latest Videos

നേരത്തെ ജൂലൈ മാസത്തിൽ ഇക്വഡോറിൽ ആറ് ടൺ കൊക്കെയ്നാണ് പൊലീസ് നായകൾ കണ്ടെത്തിയത്. ജർമ്മനിയിലേക്കുള്ളതായിരുന്നു ഈ ഷിപ്മെന്റ്. മാർച്ച് മാസത്തിൽ ഇക്വഡോറിൽ നിന്നുള്ള കപ്പലിൽ നിന്ന് ബൾഗേറിയയിലെ കസ്റ്റംസ് അധികൃതർ 170 കിലോ കൊക്കെയ്ൻ കണ്ടെത്തിയിരുന്നു. മെയ് മാസത്തിൽ കൊളംബിയയിലെ സാന്റാ മാർത്താ തുറമുഖത്ത് വാഴപ്പഴ പെട്ടികളിൽ നിന്ന് കണ്ടെത്തിയത് 600 കിലോയിലേറ കൊക്കെയ്ൻ ആയിരുന്നു. 

പച്ചക്കറികൾ അയക്കാനുള്ള ഷിപ്പ്മെന്റുകളിൽ നിന്ന് വലിയ രീതിയിൽ മയക്കുമരുന്ന് കണ്ടെത്തുന്നത് ഇത് ആദ്യമല്ല. മാർച്ച് മാസത്തിൽ അവക്കാഡോ പെട്ടികളിൽ നിന്നായി 1.7 ടൺ കൊക്കെയ്നാണ് കൊളംബിയൻ പൊലീസ് പിടികൂടിയത്. ഇതും സാന്റാ മാർത്താ തുറമുഖത്ത് നിന്നായിരുന്നു പൊലീസ് പിടികൂടിയത്. പോർച്ചുഗലിലേക്കായിരുന്നു അവക്കാഡോ പെട്ടികൾ അയച്ചിരുന്നത്. ലോകത്തിൽ തന്നെ ഏറ്റവുമധികം കൊക്കെയ്ൻ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് കൊളംബിയ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനെത്തുന്ന കൊക്കെയ്ന്റെ 80 ശതമാനത്തോളവും കൊളംബിയയിൽ നിന്നാണ് എത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!