കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ ഇന്ത്യൻ കമ്പനികൾ വാങ്ങിയെങ്കിലും അതിന്റെ മെച്ചമൊന്നും ഇന്ത്യാക്കാർക്ക് കിട്ടിയില്ല
തിരുവനന്തപുരം: യുക്രെയ്ൻ യുദ്ധമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് ലോകം. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല അമേരിക്കയിലടക്കം പണപ്പെരുപ്പം കുതിച്ചുയര്‍ന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇന്ത്യക്കും യുദ്ധം പരോക്ഷമായി തിരിച്ചടിയുണ്ടാക്കി. എങ്കിലും കുറഞ്ഞ വിലക്ക് ക്രൂഡ് ഓയിൽ വാങ്ങാനായത് എണ്ണക്കമ്പനികൾക്ക് നേട്ടമായി. ഏതൊരു യുദ്ധവും ആ രാജ്യത്തിന്‍റെ മാത്രമല്ല രാജ്യത്തോട് ബന്ധപ്പെട്ടു കിടക്കുന്ന മറ്റു രാജ്യങ്ങളുടെയും സാമ്പത്തിക നില തകരാറിലാക്കുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.
undefined
ലോകമെങ്ങും വിലക്കയറ്റത്തിനും നാണയപ്പെരുപ്പത്തിന്‍റെയും നാളുകളാണ് യുദ്ധം സമ്മാനിച്ചത്. യൂറോപ്യൻ രാജ്യങ്ങളുടെ ബജറ്റിനെയാകെ താളം തെറ്റിച്ച് ഉത്പന്ന വില കുതിച്ചു കയറി. പ്രകൃതി വാതക വില മൂന്നിരട്ടിയോളമായി. കൊവിഡ് ആഗോള തലത്തിലുണ്ടാക്കിയ മാന്ദ്യം അമേരിക്കയിലെ വന്‍ കമ്പനികളെ പ്രതിസന്ധിയിലാക്കി. ഇതിനു തൊട്ടു പിന്നാലെയാണ് യുദ്ധക്കെടുതികളും പരോക്ഷമായി അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചു.
ഉയരുന്ന നാണയപ്പെരുപ്പവും തൊഴില്‍ നഷ്ടവും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയേയും പ്രതിസന്ധിയിലാക്കി. ഭക്ഷ്യ ധാന്യങ്ങളിൽ, പ്രത്യേകിച്ച് ഗോതമ്പിന്‍റെ വിലക്കയറ്റമായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകം കണ്ടത്. ലോകത്തെ ഗോതമ്പ് ഉത്പാദനത്തിന്‍റെ 70 ശതമാനവും ഭക്ഷ്യ എണ്ണയുടെ മൂന്നിലൊന്നും റഷ്യയില്‍ നിന്നും യുക്രൈയിനില്‍ നിന്നുമാണ്. ചരക്ക് നീക്കം മുടങ്ങിയതും വിതരണ ശൃംഖലകൾ തടസപ്പെട്ടതും നിരവധി രാജ്യങ്ങളില്‍ വിലക്കയറ്റം രൂക്ഷമാക്കി.
നൈജീരിയില്‍ 37 ശതമാനമാണ് ഗോതമ്പ് വില ഉയര്‍ന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഉൽപ്പാദനം കൂട്ടിയും കുറഞ്ഞ വിലക്ക് വളം ലഭ്യമാക്കിയും കൃഷി പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ശ്രമിച്ചു. യുദ്ധമുണ്ടാക്കിയ പ്രതിസന്ധിക്കിടയില്‍ റഷ്യയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങാനായത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമായി. ചൈനയും ഇത്തരത്തില്‍ എണ്ണ വാങ്ങിയിട്ടുണ്ട്. ആഗോള വിപണിയില്‍ എണ്ണവില 100 ഡോളറിനു മുകളില്‍ നില്‍ക്കുമ്പോഴും 60 ഡോളറിന് റഷ്യയില്‍ നിന്നും എണ്ണവാങ്ങാന്‍ ഇന്ത്യൻ കമ്പനികൾക്ക് കഴിഞ്ഞു. പ്രതിദിനം 1.2 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇത്തരത്തില്‍ ഇന്ത്യക്ക് കുറഞ്ഞ വിലയില്‍ വാങ്ങാനായത്. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 300 ഇരട്ടി. ഇതിന്റെ കാര്യമായ നേട്ടം ഇന്ത്യാക്കാർക്ക് ലഭ്യമായില്ല. എണ്ണക്കമ്പനികളുടെ പഴയ നഷ്ടം നികത്താന്‍ ഇത് ഉപയോഗിച്ചുവെന്നാണ് സര്‍ക്കാര്‍ വാദം.
ഗോതമ്പിന്‍റെ മാത്രം കാര്യമല്ല ടൈറ്റാനിയം, നിക്കല്‍, അലുമിനിയം, വളം എന്നിവയുടെയെല്ലാം വില വലിയ തോതില്‍ ഉയരുന്നതിന് യുദ്ധം കാരണമായിട്ടുണ്ട്. പക്ഷെ അതിലേക്കാളൊക്കെ വലുതാണ് വിവിധ ലോക രാജ്യങ്ങളെ തന്നെ പ്രതിസന്ധിയിലാകുന്ന തരത്തില്‍ പണപ്പെരുപ്പം കുതിച്ചയരുന്നത്. ഇതിന്‍റെ ആഘാതം എല്ലാ മേഖലയിലും ഉണ്ടാവുകയും ചെയ്യും.