2022 ജനുവരിയിലാണ് ഗുജറാത്തിൽ നിന്നുള്ള കുടുംബത്തിലെ നാല് പേരെ വടക്കേ അമേരിക്കൻ അതിർത്തിയിൽ കൊടുംമഞ്ഞിൽ തണുത്ത് വിറങ്ങലിച്ച് മരിച്ച നിലയിൽ കനേഡിയൻ പൊലീസ് കണ്ടെത്തിയത്
മിനസോട്ട: അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ ഇന്ത്യൻ കുടുംബം കാനഡ അമേരിക്ക അതിർത്തിയിൽ തണുത്ത് വിറച്ച് മരിച്ച സംഭവത്തിൽ രണ്ട് പേർ കുറ്റക്കാരെന്ന് കോടതി. 2022 ജനുവരിയിലെ ദാരുണ സംഭവത്തിലാണ് മിനസോട്ട ജൂറിയുടെ തീരുമാനം. കൊടും മഞ്ഞിൽ കാനഡ അതിർത്തിയിലൂടെ അമേരിക്കൻ അതിർത്തി കടക്കാനുള്ള ശ്രമത്തിൽ ഗുജറാത്തിൽ നിന്നുള്ള കുടുംബത്തിനാണ് അതീവ ദാരുണമായ അന്ത്യം സംഭവിച്ചത്. ഹർഷ്കുമാർ രമൺലാൽ പട്ടേൽ, സ്റ്റീവ് ആന്തണി ഷാൻഡ് എന്നിവരെയാണ് സംഭവത്തിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. മനുഷ്യക്കടത്ത്, ക്രിമിനൽ ഗൂഡാലോചന, നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇവരെ അമേരിക്കയിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാനഡ വരെയും വരെ എത്താനടക്കമുള്ള സഹായം നൽകിയവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. എന്നാൽ പട്ടേൽ കുടുംബത്തിന്റെ മരണത്തിൽ പങ്കില്ലെന്നാണ് ഇരുവരും കോടതിയിൽ വാദിച്ചത്.
അമേരിക്കൻ അതിർത്തിയിൽ നിന്ന് വെറും പന്ത്രണ്ട് കിലോമീറ്റർ അകലെയാണ് കൊടും മഞ്ഞിൽ തണുത്തുറഞ്ഞ നിലയിലാണ് കാനേഡിയൻ പൊലീസ് ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാനഡ അതിര്‍ത്തിക്കുള്ളില്‍ മാനിട്ടോബ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. മൈനസ് 35 ഡിഗ്രി താപനിലയുള്ളിടത്ത് നിന്നായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അനധികൃതമായി വടക്കേ അമേരിക്കയിലേക്ക് വിദേശ പൌരന്മാരെ എത്തിക്കാനുള്ള മനുഷ്യക്കടത്തിനെതിരായാണ് വിചാരണ ആരംഭിച്ചത്. വെള്ളിയാഴ്ചയാണ് ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവർക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. തിങ്കളാഴ്ചയാണ് വിചാരണ ആരംഭിച്ചത്. ഇത്തരത്തിൽ അമേരിക്കൻ അതിർത്തി കടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ട ഒരാൾ അടക്കമുള്ളവരുടെ മൊഴി അടക്കമുള്ളവ പരിഗണിച്ചാണ് കോടതി വിധി.
undefined
പട്ടേൽ കുടുംബം ദാരുണമായി മരിക്കുന്നതിന് മുൻപ് കുറ്റവാളികളുമായുള്ള ടെക്സ്റ്റ് മെസേജ് അടക്കമുള്ളവയും കേസിൽ തെളിവായി. വൈശാലിബെൻ പട്ടേൽ, ഭർത്താവ് ജഗ്ദീഷ് ഇവരുടെ മക്കളായ 11കാരി വിഹാംഗി, മൂന്ന് വയസുകാരനായ ധാർമിക് എന്നിവരെയാണ് 2022 ജനുവരിയിൽ കൊടും മഞ്ഞിൽ തണുത്ത് വിറങ്ങലിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്ന് വിസിറ്റിംഗ് വിസയിൽ കാനഡയിലെ ടൊറന്റോയിലെത്തി ഇവിടെ നിന്നും കൊടും തണുപ്പിൽ കൊടും മഞ്ഞിൽ അമേരിക്കൻ അതിർത്തി കടക്കാനുള്ള ശ്രമമാണ് ദാരുണ സംഭവത്തിന് കാരണമായത്. സമാന രീതിയിൽ അതിർത്തി കടക്കാനായി എത്തിയ വലിയ സംഘത്തിൽ നിന്ന് ഇരുട്ടിൽ വഴി തെറ്റിപ്പോയതായിരുന്നു കുടുംബത്തിന്റെ അതിദാരുണമായ അന്ത്യത്തിലേക്ക് എത്തിച്ചത്.
ഹർഷ്കുമാർ രമൺലാൽ പട്ടേൽ ആണ് മനുഷ്യക്കടത്തിന്റെ സൂത്രധാരൻ. സ്റ്റീവ് ആന്തണി ഷാൻഡിനായിരുന്നു അതിർത്തി കടന്നെത്തുന്നവരെ കൊണ്ടുപോകാനുള്ള ചുമതല നൽകിയിരുന്നത്. പിഞ്ചുകുഞ്ഞടക്കമുള്ള ഇന്ത്യൻ കുടുംബം കൊടും മഞ്ഞിൽ മരവിക്കുമ്പോൾ ഷാൻഡ് തന്റെ കാറിന്റെ ചൂടിൽ ഒന്നും ചെയ്യാതെ ഇരുന്നുവെന്നാണ് വിചാരണയ്ക്കിടെ യുഎസ് അറ്റോർണി വിശദമാക്കിയത്. ജീവനെടുക്കാൻ പ്രാപ്തമായ കാലാവസ്ഥയാണ് എന്ന് അറിഞ്ഞിട്ടും ലാഭം മാത്രമാണ് ഹർഷ്കുമാർ രമൺലാൽ പട്ടേൽ നോക്കിയതെന്നും കോടതി കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം