പ്രഭാകരൻ പിടിയിലാകും മുൻപ് ദ്വാരക യൂറോപ്പിലേക്ക് കടന്നിരുന്നുവെന്ന വാദവും അന്ന് മുതലേ സജീവമാണ്
ലണ്ടൻ: ശ്രീലങ്കയിൽ കൊല്ലപ്പെട്ട എൽടിടിഇ തലവൻ വേലുപിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി. ലണ്ടനിലും സ്കോട്‌ലന്റിലും വീഡിയോ സംപ്രേഷണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റർ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി പുറത്തുവിട്ടു. വീരന്മാരുടെ ദിനം ആയി നവംബർ 27 തമിഴ് പുലികൾ ആചരിച്ചിരുന്നു. ഈ ദിവസം വേലുപിള്ള പ്രഭാകരൻ അനുയായികളെ അഭിസംബോധന ചെയ്യുന്നത് പതിവായിരുന്നു.
എന്നാൽ ഇന്ന് വേലുപിള്ള പ്രഭാകരന്റെ മകളുടേതെന്ന അവകാശവാദത്തോടെ പുറത്തുവിടാൻ പോകുന്ന ദൃശ്യങ്ങളുടെ ആധികാരികതയിൽ സംശയങ്ങൾ ഉയർന്നിട്ടുണ്ട്. നിർമ്മിത ബുദ്ധി (എഐ) സഹായത്തോടെ നിർമ്മിച്ച വീഡിയോ ആയിരിക്കും പുറത്തുവിടുന്നതെന്നാണ് സംശയം. ഇക്കാര്യം അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്. 2009-ൽ വേലുപിള്ള പ്രഭാകരനൊപ്പം മകൾ ദ്വാരകയെയും ലങ്കൻ സൈന്യം കൊലപെടുത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം പ്രഭാകരൻ പിടിയിലാകും മുൻപ് ദ്വാരക യൂറോപ്പിലേക്ക് കടന്നിരുന്നുവെന്ന വാദവും അന്ന് മുതലേ സജീവമാണ്. ഇപ്പോഴത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി ലങ്കൻ പ്രതിരോധ വക്താവ് പ്രതികരിച്ചിട്ടുണ്ട്.