സത്യപ്രതിജ്ഞക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് കാരണമുണ്ട്, വെളിപ്പെടുത്തി മോദി; ഒപ്പം രൂക്ഷ വിമർശനവും

ലോകത്ത് എവിടെ ഭീകരാക്രമണം ഉണ്ടായാലും അതിന്റെ വേര് നീളുന്നത് പാക്കിസ്ഥാനിലേക്കാണെന്നതടക്കമുള്ള വിമർശനമാണ് മോദി നടത്തിയത്


ദില്ലി: സത്യപ്രതിജ്ഞയ്ക്ക് പാക്കിസ്ഥാന് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിനായുള്ള ശക്തമായ ശ്രമമാണ് താൻ നടത്തിയതെന്നാണ് മോദി വ്യക്തമാക്കിയത്. സമാധാനത്തിനാണ് പ്രധാന്യമെന്ന ശക്തമായ സന്ദേശം ലോകത്തിന് നൽകാനാണ് ശ്രമിച്ചതെന്നും മോദി തന്‍റെ രണ്ടാം പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. അമേരിക്കൻ പോഡ്‌കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ പോഡ്‌കാസ്റ്റിൽ മൂന്നേകാൽ മണിക്കൂറോളം സംസാരിച്ച പ്രധാനമന്ത്രി, പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവും നടത്തി. ലോകത്ത് എവിടെ ഭീകരാക്രമണം ഉണ്ടായാലും അതിന്റെ വേര് നീളുന്നത് പാക്കിസ്ഥാനിലേക്കാണെന്നതടക്കമുള്ള വിമർശനമാണ് മോദി നടത്തിയത്.

പാകിസ്ഥാനിൽ ഭീകരവാദം ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നു. ഇന്ത്യയുമായി സഹകരിച്ചുപോകാൻ പാക്കിസ്ഥാൻ തയാറാകുന്നില്ല. ഇത് ആശയപരമല്ലെന്ന് വിമർശിച്ച മോദി, ‌ഏത് ആശയമാണ് യുദ്ധത്തെയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുകയെന്നും പാകിസ്ഥാനോട് ചോദിച്ചു. ഈ ദുരന്തത്തിന്റെ ഇരകൾ ഇന്ത്യയിലെ ജനങ്ങളാണ്. കലാപത്തിന്റെ കേന്ദ്രമായി പാക്കിസ്ഥാൻ മാറുന്നത് ലോകത്തിന് മുഴുവൻ ഭീഷണിയാണെന്നും സെപ്റ്റംബർ 11 ഭീകരാക്രമണം അടക്കം പരാമർശിച്ചുകൊണ്ട് മോദി വിമർശിച്ചു. ഭരണകൂട പിന്തുണയുള്ള ഭീകരവാദം അവസാനിപ്പിക്കാൻ ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും ശത്രുതയിലൂടെയും ചതിയിലൂടെയും തടയുകയാണ് ചെയ്യപ്പെട്ടതെന്നും പ്രധാനമന്ത്രി വിവരിച്ചു.

Latest Videos

ട്രംപ് ധീരനെന്ന് പ്രധാനമന്ത്രി മോദി; 'കരുത്ത് ഇന്ത്യയിലെ ജനം, ചെറുപ്പത്തിൽ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്‌ടനായി'

ട്രംപ് അസാമാന്യ ധീരൻ

ഡോണൾഡ് ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തിയാണ്. പരസ്പര വിശ്വാസവും, സുശക്തമായ ബന്ധവും താനും ട്രംപും തമ്മിലുണ്ട്. ഹൗഡി മോദി പരിപാടി മുതൽ തനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രചാരണത്തിനിടെ വെടിയേറ്റപ്പോഴും നിശ്ചയദാർഢ്യം ട്രംപിൽ കണ്ടു. ഇന്ത്യ ആദ്യം എന്ന തൻ്റെ മുദ്രാവാക്യം പോലെയാണ് ട്രംപിൻ്റെ അമേരിക്ക ആദ്യം എന്ന നയമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രസിഡൻ്റ് പദവിയിൽ അല്ലാതിരുന്ന കാലത്തും മോദി നല്ല സുഹൃത്തെന്നാണ് ട്രംപ് പറഞ്ഞത്. പരസ്പരം കാണാതിരുന്ന കാലത്തും ബന്ധം ശക്തമായിരുന്നു. ആദ്യ ഭരണകാലത്തെ ട്രംപിനെയല്ല രണ്ടാം ടേമിൽ കാണുന്നത്. അദ്ദേഹത്തിനിപ്പോൾ കൃത്യമായ പദ്ധതികളുണ്ട്. താൻ ഒരു കർക്കശക്കാരനായ  വിലപേശലുകാരനാണെന്ന ട്രംപിൻ്റെ പരാമർശത്തോട് പ്രതികരിക്കുന്നില്ല. തൻ്റെ രാജ്യത്തിൻ്റെ താത്പര്യമാണ് ട്രംപിന് മുന്നിൽ അവതരിപ്പിച്ചത്. ഏത് വേദിയിലും രാജ്യതാത്പര്യമാണ് താൻ മുന്നോട്ട് വെക്കുന്നത്. ആ ഉത്തരവാദിത്തമാണ് ജനം തന്നെ ഏൽപ്പിച്ചത്. തൻ്റെ രാജ്യമാണ് തൻ്റെ ഹൈക്കമാൻഡ്. 

ചൈനയുമായി സൗഹൃദം

ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും. ഭാവിയിലും ആ ബന്ധം വളരും. അതിർത്തി രാജ്യങ്ങളാകുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. നമ്മുടെയെല്ലാം വീടുകൾ പെർഫെക്ടാണോ? അഭിപ്രായ വ്യത്യാസം വലിയ കലഹത്തിലേക്ക് വഴി മാറരുതെന്നാണ് ആഗ്രഹം. ഇരു രാജ്യങ്ങളുടെയും താൽപര്യം പരസ്പരം പരിഗണിച്ച് ചർച്ചകളിലൂടെ സുസ്ഥിര ബന്ധത്തിന് ശ്രമിക്കുകയാണ്. അതിർത്തിയിൽ തർക്കമുണ്ടായെന്നത് ശരിയാണ്. 2020 ലെ അതിർത്തി സംഘ‍ർഷം സംഭവങ്ങൾ ഇരു രാജ്യങ്ങളുടെയും  സമ്മർദ്ദം കൂട്ടി. ഷീജിൻപിംഗുമായുള്ള തൻ്റെ കൂടിക്കാഴ്ചക്ക് ശേഷം അതിർത്തി ശാന്തമായി. 2020 ന് മുൻപത്തെ സാഹചര്യത്തിലേക്ക് കാര്യങ്ങൾ മടങ്ങുകയാണെന്നും മോദി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!