​ഗവിയും അടവിയും പരുന്തുംപാറയും കണ്ടാലോ? അടിപൊളി ബഡ്ജറ്റ് ട്രിപ്പുമായി കെഎസ്ആർടിസി, ബുക്ക് ചെയ്യാൻ വൈകരുതേ

വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഗവിയിലേത്.

KSRTC Kozhikode budget tourism cell offers budget trip to visit Gavi, Adavi and Parunthumpara

കേരളത്തിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ട്രിപ്പുകൾ ജനപ്രിയമാകുന്നു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ നിരവധിയാളുകളാണ് തണുപ്പ് തേടി മറ്റിടങ്ങളിലേയ്ക്ക് പോകുന്നത്. അത്തരത്തിൽ ഒരിടവേള എടുക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു അടിപൊളി യാത്ര സംഘടിപ്പിക്കുകയാണ് കെഎസ്ആർടിസി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ. 

മാ‍ർച്ച് 26ന് ​ഗവിയിലേയ്ക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. 26ന് രാവിലെ 7 മണിയ്ക്ക് കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും യാത്ര പുറപ്പെടും. 28ന് രാവിലെ 5 മണിയ്ക്ക് തിരികെ എത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്. ഒരാൾക്ക് 3600 രൂപയാണ് നിരക്ക്. ഇതിൽ താമസത്തിനുള്ള റൂം, എൻട്രി ഫീ, രണ്ട് ദിവസത്തെ ബസ് ചാർജ്, ഗവിയില്‍ നിന്ന് ഒരു ലഞ്ച് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ​ഗവിയോടൊപ്പം അടവി, പരുന്തുംപാറ എന്നിവിടങ്ങളും സന്ദർശിക്കും. താത്പ്പര്യം ഉള്ളവർ 9946068832 നമ്പറിൽ വിളിച്ച് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Latest Videos

സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് പത്തനംതിട്ട ജില്ലയിലെ ഗവിയിലേത്. ഇവിടെ എത്തുന്ന സന്ദര്‍ശകരില്‍ ഭൂരിപക്ഷവും പ്രകൃതി സ്‌നേഹികളോ സാഹസപ്രിയരോ ആണ്. കേള്‍വികേട്ട വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റെയര്‍ ഇന്റര്‍നാഷണല്‍ ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവിയെ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇവിടേയ്ക്കുള്ള സന്ദര്‍ശകരുടെ വരവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഉറപ്പായും കാണേണ്ട പ്രദേശങ്ങളിലൊന്ന് എന്ന പദവിയും ഗവിയ്ക്ക് ലഭിച്ചിട്ടുണ്ട്.

വിവിധ സസ്യജന്തുജാലങ്ങളാല്‍ സമൃദ്ധമാണ് ​ഗവി. കുന്നുകളും, സമതലങ്ങളും, പുല്‍മേടുകളും, ചോലക്കാടുകളും, വെള്ളച്ചാട്ടങ്ങളും, ഏലത്തോട്ടങ്ങളുമെല്ലാം ​ഗവിയുടെ സൗന്ദര്യം വർധിപ്പിക്കുന്നു. വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളെയും വരയാടുകളെയും ഇവിടെ കാണാൻ സാധിക്കും. വേഴാമ്പല്‍ ഉള്‍പ്പെടെ 260 -ഓളം പക്ഷി ഇനങ്ങളും ഗവി മേഖലയിലുണ്ട്. പക്ഷി നിരീക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ടയിടമാണ് ​ഗവി. ജീവിതകാലത്ത് ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഗവി എന്ന് തന്നെ പറയാം. 

READ MORE: ഇനി ഹോട്ടൽ മുറിയിൽ ഒളിക്യാമറയുണ്ടോ എന്ന് പേടി വേണ്ട! സിമ്പിളായി കണ്ടെത്താം, ഇതാ 5 കിടിലൻ ടിപ്സ്!

click me!