രണ്ടാഴ്ച നീളുന്ന കന്നിയാത്രയ്ക്കിടെയാണ് നാണക്കേടുണ്ടാക്കുന്ന സംഭവം
സുവ: കൂടുതൽ സജീവമായി കടൽ പട്രോളിംഗ് നടത്താനായി ഫിജിക്ക് ഓസ്ട്രേലിയ നൽകിയ ചെറുകപ്പൽ കന്നിയാത്രയിൽ തന്നെ പണിമുടക്കി. ഫിജിയിലെ നാവിക സേനയുടെ പട്രോളിംഗ് കപ്പലാണ് ആദ്യയാത്രയിൽ തന്നെ കടലിൽ മണലിൽ ഉറച്ച് തകരാറിലായത്. മാർച്ച് മാസത്തിലാണ് കപ്പൽ ഓസ്ട്രേലിയ ഫിജിക്ക് കൈമാറിയത്. ഫിജിയിലെ ലാവ് ഗ്രൂപ്പ് ദ്വീപുകളിലൊന്നിന് സമീപത്താണ് ചൊവ്വാഴ്ച കപ്പൽ മണലിലുറച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഫിജിയിലെ നാവിക സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് സംഭവം.
അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ കപ്പൽ ഒരു മാസം മുൻപാണ് ഫിജി കമ്മീഷൻ ചെയ്തത്. ഫിജിയുടെ പ്രധാനമന്ത്രിക്ക് ഓസ്ട്രേലിയയുടെ സമ്മാനമായിരുന്നു ആർഎഫ്എൻഎസ് പുമൌ എന്ന കപ്പൽ. രണ്ടാഴ്ച നീളുന്ന കന്നിയാത്രയ്ക്കിടെയാണ് നാണക്കേടുണ്ടാക്കുന്ന സംഭവം. കപ്പൽ തിരിച്ചെടുക്കുന്നതിനൊപ്പം യാത്രക്കാരെ സുരക്ഷിതരാക്കുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്നാണ് ഫിജി നാവിക സേന വിശദമാക്കിയത്. കപ്പലിനെ ചലിപ്പിക്കാൻ ഓസ്ട്രേലിയൻ സഹായവും ഫിജിക്ക് ലഭിക്കുന്നുണ്ട്. എൻജിൻ റൂമിനുള്ളിൽ കയറിയ വെള്ളം പമ്പ് ഉപയോഗിച്ച് പുറം തള്ളാനുള്ള ശ്രമങ്ങളും സജീവമാണ്.
കപ്പലിന് സംഭവിച്ച തകരാറിനേക്കുറിച്ച് കൃത്യമായ ധാരണ ഇനിയും ഉണ്ടാക്കാനായിട്ടില്ല. ശക്തമായ കാറ്റിലാണ് ആർഎഫ്എൻഎസ് പുമൌവിന് അടി തെറ്റിയതെന്നാണ് പ്രാഥമിക വിവരം. സാധാരണ ഫെറികൾ പോലും കടന്ന് ചെല്ലാത്ത മേഖലയിൽ വച്ചാണ് കപ്പലിന് തകരാറുണ്ടായിരിക്കുന്നത്. ഗാർഡിയൻ വിഭാഗത്തിലുള്ളതാണ് ഈ കപ്പൽ. അനധികൃത മത്സ്യബന്ധനം അടക്കമുള്ളവ നിയന്ത്രിക്കാനുള്ള ലക്ഷ്യമിട്ടാണ് ഇവയുടെ പ്രവർത്തനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം