കാൽമുറിച്ചുമാറ്റി, ബ്രെയിന്‍ ട്യൂമർ, ഹൃദയാഘാതം, കൊവിഡ്, വിഷബാധ... പലതവണ 'മരിച്ച' ദാവൂദ് ഇബ്രാഹിം

By Web TeamFirst Published Dec 19, 2023, 8:17 AM IST
Highlights

2003ൽ ഇന്ത്യയും യുഎസും ദാവൂദ് ഇബ്രാഹിമിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25 മില്യൺ ഡോളർ പാരിതോഷികം യുഎസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും പതിറ്റാണ്ടുകളായി പിടിക്കപ്പെടാതെ ഒളിവുജീവിതം തുടരുകയാണ് ദാവൂദ് ഇബ്രാഹിം. 

ഇന്ത്യ തേടുന്ന മോസ്റ്റ് വാണ്ടഡ് ഗാങ്സ്റ്റര്‍ ദാവൂദ് ഇബ്രാഹിം മരിച്ചെന്നോ ഗുരുതരവാസ്ഥയിലാണെന്നോ ഒക്കെ പലതവണ അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് വിഷബാധയേറ്റെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. 1993ലെ മുംബൈ സ്ഫോടനത്തിന്‍റെ സൂത്രധാരനായ ദാവൂദ് കഴിഞ്ഞ കുറേവര്‍ഷങ്ങളായി നിഗൂഢ ജീവിതം തുടരുകയാണ്. ദാവൂദ് കറാച്ചിയിലുണ്ടെന്നതിന് നിഷേധിക്കാനാവാത്ത തെളിവുകളുണ്ടെന്ന് നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു.

ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നെല്ലാം പലതവണ അഭ്യൂഹം പരന്നിരുന്നു. അതേസമയം ദാവൂദിന്‍റെ ഗ്യാങ് ഇതെല്ലാം നിഷേധിക്കുകയും ജീവനോടെയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. 1970കളില്‍ തുടങ്ങിയ ദാവൂദിന്‍റെ ഡി കമ്പനി കൊലപാതകം, പണം തട്ടല്‍, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 2003ൽ ഇന്ത്യയും യുഎസും ദാവൂദ് ഇബ്രാഹിമിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25 മില്യൺ ഡോളർ പാരിതോഷികം യുഎസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും പതിറ്റാണ്ടുകളായി പിടിക്കപ്പെടാതെ ഒളിവുജീവിതം തുടരുകയാണ് ദാവൂദ് ഇബ്രാഹിം. 

Latest Videos

ദാവൂദ് ഇബ്രാഹിമിന്‍റെ കാല്‍ മുറിച്ചുമാറ്റി എന്നാണ് 2016ല്‍ പരന്ന കിംവദന്തി. ഇയാള്‍ ഹൃദയാഘാതം മൂലം മരിച്ചതായി 2017ല്‍ റിപ്പോർട്ടുകളുണ്ടായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചെന്നും അഭ്യൂഹം പരന്നു. 2020ലാണ് ദാവൂദും ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇതെല്ലാം ദാവൂദിന്‍റെ ഗ്യാങ് നിഷേധിച്ചു. ഏറ്റവും ഒടുവിലത്തെ ഗുരുതരാവസ്ഥ റിപ്പോര്‍ട്ടും അനുയായി ചോട്ടാ ഷക്കീൽ തള്ളി.

ദാവൂദ് 100 ശതമാനം ഫിറ്റാണെന്ന് ഛോട്ടാ ഷക്കീൽ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽച്ചെന്ന് കറാച്ചിയിൽ ചികിത്സയിലാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ വാർത്ത ദുരുദ്ദേശ്യത്തോടെ കാലാകാലങ്ങളിൽ പരക്കുന്ന കിംവദന്തി മാത്രമാണെന്നും ഷക്കീൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!