സഹകരണ മേഖലകളിലും പ്രാദേശിക വിഷയങ്ങളിലും ഉത്തരകൊറിയയുമായുള്ള വിഷയങ്ങളിലുമായിരിക്കും പ്രധാനമായും ത്രികക്ഷി ചർച്ചകൾ കേന്ദ്രീകരിക്കുകയെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ യോഗത്തിന് മുമ്പ് പറഞ്ഞു.
ടോക്കിയോ: അമേരിക്കയുടെ താരിഫ് വർധന ഭീഷണിക്കിടെ കൂടിക്കാഴ്ച നടത്തി ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ വിദേശകാര്യ മന്ത്രിമാർ. ശനിയാഴ്ചയാണ് ഏഷ്യയിലെ പ്രധാന ശക്തികളായ രാജ്യങ്ങൾ ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിൽ ത്രികക്ഷി ചർച്ച നടത്തിയത്. ആഗോള രാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക തകർച്ചയും നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ സഹകരണം തേടാൻ അടിത്തറ പാകുന്നതായിരുന്നു കൂടിക്കാഴ്ചയെന്ന് വക്താക്കള്‍ അറിയിച്ചു. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളുടെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും പശ്ചാത്തലത്തിൽ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനും സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള ആവശ്യകതയും ഉത്തരവാദിത്തവും ചർച്ചയിൽ പങ്കുവെച്ചെന്ന് ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ വാങ് യി പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങൾ തമ്മിലുള്ള വിനിമയം, പരിസ്ഥിതി സൗഹൃദ പരിവർത്തനം, വയോജനങ്ങളെ എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാമെന്ന് പര്യവേക്ഷണം എന്നിവയിൽ മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കും. എന്നാൽ ഏപ്രിൽ 2 ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടുതൽ താരിഫുകൾ പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ കൂടിക്കാഴ്ചക്ക് കൂടുതൽ പ്രാധാന്യമുണ്ട്. ഞങ്ങൾ ബഹുരാഷ്ട്രവാദവും സ്വതന്ത്ര വ്യാപാരവും ഉയർത്തിപ്പിടിക്കുകയും കൂടുതൽ ഉൾക്കൊള്ളുന്ന ദിശയിൽ സാമ്പത്തിക കൂട്ടായ്മകളും ആഗോളവൽക്കരണവും വികസിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായ, ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ തേ-യുൾ എന്നിവർ വ്യക്തമാക്കി.
സഹകരണ മേഖലകളിലും പ്രാദേശിക വിഷയങ്ങളിലും ഉത്തരകൊറിയയുമായുള്ള വിഷയങ്ങളിലായിരിക്കും പ്രധാനമായും ത്രികക്ഷി ചർച്ചകൾ കേന്ദ്രീകരിക്കുകയെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ യോഗത്തിന് മുമ്പ് പറഞ്ഞു. യുഎസ് താരിഫുകൾ അജണ്ടയുടെ ഭാഗമല്ല, എന്നിരുന്നാലും ആ വിഷയം ഉന്നയിക്കപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് വർഷത്തിനിടെ ജപ്പാനും ചൈനയും ആദ്യത്തെ സാമ്പത്തിക ചർച്ച നടത്താൻ പോകുന്ന ദിവസമാണ് ത്രികക്ഷി യോഗം നടന്നത്. യുഎസിൽ നിന്നുള്ള വ്യാപാര സമ്മർദ്ദം നേരിടുന്നതിനാൽ ഏഷ്യൻ ഭീമന്മാർ തമ്മിലുള്ള പിരിമുറുക്കം കുറയ്ക്കുക എന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
Read More... ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ കണ്ടെത്തിയ കണക്കില്ലാത്ത പണം; സുപ്രീംകോടതി നടപടി തിങ്കളാഴ്ച
ജപ്പാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. എന്നാൽ ഫുകുഷിമ ഡൈ-ഇച്ചി ആണവ നിലയത്തിൽ നിന്ന് മലിനജലം തുറന്നുവിട്ടതിനെത്തുടർന്ന് ജപ്പാനിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് ചൈന നിരോധനമേർപ്പെടുത്തിയിരുന്നു. വർധിച്ചുവരുന്ന സംഘർഷങ്ങൾ, ഉഭയകക്ഷി ബന്ധങ്ങളിലെ വിള്ളലുകൾ, ചൈനീസ് സ്ഥാപനങ്ങളിൽ നിന്നുള്ള കടുത്ത മത്സരം എന്നിവ കാരണം ചൈനയിലെ ജാപ്പനീസ് സ്ഥാപനങ്ങൾ കടുത്ത വെല്ലുവിളി നേരിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, അമേരിക്കയിൽ നിന്നുള്ള വ്യാപാര താരിഫുകളുടെ വർധനവ് നേരിടുന്നതിനാൽ, പ്രധാന വ്യാപാര പങ്കാളികളുമായുള്ള ബന്ധം സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ ചൈനയുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.