ഗവേഷണ മേഖലയ്ക്കും അക്കാദമിക് മേഖലയ്ക്കും തിരിച്ചടിയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
വാഷിങ്ടണ്‍: ഫുൾബ്രൈറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഫണ്ടിംഗ് സ്‌കോളർഷിപ്പുകൾക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ ആശങ്കയിലാക്കി. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഈ തീരുമാനം വിദ്യാർത്ഥികളെ തള്ളിവിടും. കോഴ്സ് പാതിവഴിയിലെത്തിയ പലരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. വിവിധ വകുപ്പുകൾക്കുള്ള സാമ്പത്തിക സഹായം പുനർനിർണയിക്കാൻ ട്രംപ് സർക്കാർ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് നടപടി. അതേസമയം യൂണിവേഴ്സിറ്റികൾ നേരിട്ട് നൽകുന്ന സ്കോളർഷിപ്പുകൾളെ ഇത് ബാധിക്കില്ല. സർക്കാർ ഫണ്ട് ചെയ്യുന്ന സ്കോളർഷിപ്പുകളാണ് മരവിപ്പിച്ചത്.
യുഎസിൽ ദൈനംദിന ചെലവുകൾക്കായി സ്റ്റൈപ്പൻഡിനെയാണ് വിദ്യാർത്ഥികൾ ആശ്രയിക്കുന്നത്. സ്കോളർഷിപ്പുകൾ നിലയ്ക്കുന്നതോടെ സ്വയം ചെലവുകൾ വഹിക്കേണ്ടിവരും. യുഎസിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഫീസുമെല്ലാം കണക്കിലെടുക്കുമ്പോൾ സാധാരണക്കാർക്ക് താങ്ങാനാവില്ല. ഫുൾബ്രൈറ്റ് പ്രോഗ്രാം പോലെ മികച്ച വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർപ്പുകൾ നിർത്തലാക്കുന്നത് യുഎസിൽ ഉന്നത വിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്നവർക്കും അക്കാദമിക് മേഖലയ്ക്കും ഒരുപോലെ തിരിച്ചടിയാണ്.
ഫെഡറൽ ഉദ്യോഗസ്ഥർ വ്യക്തമായി ഒന്നും അറിയിക്കുന്നില്ലെന്ന പരാതിയുമുണ്ട്. വിദ്യാർത്ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവർത്തിച്ച് വ്യക്തത ആവശ്യപ്പെട്ടിട്ടും അധികൃതരിൽ നിന്നും മറുപടി ലഭിച്ചില്ലെന്നാണ് പരാതി. സ്കോളർഷിപ്പ് ഫണ്ടിംഗ് നിർത്തിവയ്ക്കുന്നത് യുഎസ്-ഇന്ത്യ അക്കാദമിക് ബന്ധങ്ങളിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. യുഎസിലെ അക്കാദമിക് സ്ഥാപനങ്ങളിലും ഗവേഷണങ്ങളിലും മികവുറ്റ ഇന്ത്യൻ വിദ്യാർത്ഥികൾ ഗണ്യമായ സംഭാവന നൽകുന്നുണ്ട്. ഫുൾബ്രൈറ്റ് പോലുള്ള സ്കോളർഷിപ്പുകൾ ലഭിക്കാതായാൽ മികച്ച വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയും. ഇത് യുഎസ് സർവകലാശാലകളുടെ വൈവിധ്യത്തെയും ആഗോള മത്സരശേഷിയെയും ബാധിക്കുമെന്നും വിലയിരുത്തലുകൾ വരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം