'വെറുക്കപ്പെട്ട സ്ത്രീ'യെ ജനിതകശാസ്ത്രം തുണച്ചു; 4 മക്കളെ കൊന്നുവെന്ന് കുറ്റം, 20 വർഷം ജയിലിൽ, ഒടുവിൽ നീതി

By Web TeamFirst Published Dec 14, 2023, 2:43 PM IST
Highlights

ചിലപ്പോഴൊക്കെ പൊടുന്നനെ, അപ്രതീക്ഷിതമായി, ഹൃദയഭേദകമായ വിധത്തില്‍ കുട്ടികളുടെ മരണം സംഭവിക്കും എന്നത് അംഗീകരിക്കുന്നതിനു പകരം തന്നെ കുറ്റപ്പെടുത്താനാണ് സമൂഹം ഇഷ്ടപ്പെട്ടതെന്ന് കാതലീന്‍

സിഡ്നി: നാല് മക്കളെ കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തി 2003ല്‍ ശിക്ഷ വിധിക്കുമ്പോള്‍ ഏറ്റവും വെറുക്കപ്പെട്ട സ്ത്രീ എന്നും ബേബി കില്ലറെന്നുമാണ് അവരെ സമൂഹം വിശേഷിപ്പിച്ചത്. 20 കൊല്ലത്തിനിപ്പുറം അതേ സ്ത്രീയുടെ ശിക്ഷ റദ്ദാക്കപ്പെട്ടു. നിരപരാധിത്വം തെളിയിക്കാന്‍ തുണയായത് ശാസ്ത്രവും ജനിതകശാസ്ത്രവുമാണ്. ഓസ്ട്രേലിയയിലെ ന്യൂസൌത്ത് വെയില്‍സിലാണ് സംഭവം. 

കാത്‌ലീൻ ഫോൾബിഗ് എന്ന സ്ത്രീയാണ് നാല് കുട്ടികളെ കൊലപ്പെടുത്തിയെന്ന കേസില്‍  2003ൽ ശിക്ഷിക്കപ്പെട്ടത്. 1989 മുതല്‍ 1999 വരെയുള്ള 10 വര്‍ഷത്തിനിടെയാണ് കുട്ടികള്‍ മരിച്ചത്. കാലേബ്, പാട്രിക്, സാറ, ലോറ എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. മരിക്കുമ്പോള്‍ ഒരാളുടെ പ്രായം 19 ദിവസം മാത്രം. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ക്കാലം ജീവിച്ച കുഞ്ഞിന്‍റെ പ്രായം ഒന്നര വയസ്സ്. കുട്ടികളുടെ മരണം സ്വാഭാവിക കാരണങ്ങളാലാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 

Latest Videos

2022ൽ ഒരു മുൻ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ അന്വേഷണത്തിന് പിന്നാലെയാണ് കുറ്റം റദ്ദാക്കപ്പെട്ടത്. ലേറയ്ക്കും സാറയ്ക്കും ജനിതക വ്യതിയാനം (CALM2-G114R എന്ന ജനിതക വ്യതിയാനം) സംഭവിച്ചിരുന്നതായും ഇത് മരണത്തിന് കാരണമായിട്ടുണ്ടാവാം എന്നും കണ്ടെത്തി. കാലേബും പാട്രിക്കും ബിഎസ്എൻ എന്നറിയപ്പെടുന്ന ജീനിന്റെ വകഭേദങ്ങൾ വഹിച്ചിരുന്നുവെന്നും കണ്ടെത്തി. ഇത്തരം ജനിതക വ്യതിയാനങ്ങളുള്ള കുട്ടികള്‍ക്ക് അകാല മരണമുണ്ടാവാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. കാതലിന്‍റെ ഡയറിക്കുറിപ്പിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് കുറ്റം ചെയ്തെന്ന് വിധിച്ചതെന്ന് അഭിഭാഷക വാദിച്ചു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഈ വർഷം ജൂണില്‍ ഫോൾബിഗ് ജയിൽ മോചിതയായിരുന്നു. കഴിഞ്ഞ ദിവസമാണ് ശിക്ഷ റദ്ദാക്കപ്പെട്ടത്.

"എന്റെ കുട്ടികൾ എങ്ങനെയാണ് മരിച്ചത് എന്നതിന് ശാസ്ത്രവും ജനിതകശാസ്ത്രവും എനിക്ക് ഉത്തരം നൽകിയതിൽ നന്ദി. 1999ൽ പോലും എന്റെ നിരപരാധിത്വം തെളിയിക്കാൻ നിയമപരമായി കഴിയുമായിരുന്നു. പക്ഷെ അവ അവഗണിക്കപ്പെട്ടു. ചിലപ്പോഴൊക്കെ പൊടുന്നനെ, അപ്രതീക്ഷിതമായി, ഹൃദയഭേദകമായ വിധത്തില്‍ കുട്ടികളുടെ മരണം സംഭവിക്കും എന്നത് അംഗീകരിക്കുന്നതിനു പകരം എന്നെ കുറ്റപ്പെടുത്താനാണ് സമൂഹം ഇഷ്ടപ്പെട്ടത്"- വികാരാധീനയായി കാതലീന്‍ സിഡ്നിയിലെ ക്രിമിനൽ അപ്പീൽ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. 

തെറ്റ് ചെയ്യാതെ 20 വര്‍ഷം തടവിലിട്ടതിന് നഷ്ടപരിഹാരം ലഭിക്കാന്‍ നിയമ പോരാട്ടം നടത്തുമെന്ന് ഫോൾബിഗിന്റെ അഭിഭാഷക റാനി റീഗോ പറഞ്ഞു. അത് എത്രയെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഇതുവരെ നൽകിയിട്ടുള്ളതിലും വലുതായിരിക്കും ആ നഷ്ടപരിഹാരമെന്നും അഭിഭാഷക പറഞ്ഞു. 

സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കിയായിരുന്നു കേസില്‍ കാതലീനെതിരെ കുറ്റം ചുമത്തിയിരുന്നത്. ശാസ്ത്ര ഗവേഷകര്‍ക്കിടയില്‍ ഇതുസംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കാതലീനെ മോചിപ്പിക്കണമെന്ന് ചിലര്‍ കാമ്പെയിന്‍ നടത്തുകയും ചെയ്തു. അടിസ്ഥാന ശാസ്ത്ര തത്വങ്ങൾ വിചാരണയുടെ സമയത്ത് പരിഗണിക്കപ്പെട്ടില്ലെന്ന് ഓസ്‌ട്രേലിയൻ അക്കാദമി ഓഫ് സയൻസ് ചീഫ് എക്‌സിക്യൂട്ടീവ് അന്ന മരിയ പറഞ്ഞു. നിയമ പരിഷ്കരണമില്ലെങ്കില്‍ ഇത്തരത്തിലുള്ള നീതിനിഷേധങ്ങൾ ഇനിയും ഉണ്ടാവുമെന്നും അവര്‍ പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!