ബീജിങ്ങില്‍ സ്ഥിതി ഗുരുതരം; ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 81 ലക്ഷം കടന്നു

By Web Team  |  First Published Jun 16, 2020, 12:03 PM IST

ബീജിങ്ങിൽ രോഗം പടരുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. നഗരത്തിലെ പ്രധാന മത്സ്യ, മാംസ മാർക്കറ്റുകൾ അടച്ചു.


ബീജിംഗ്: മൂന്ന് കോടിയിലേറെ ജനങ്ങളുള്ള ബീജിങ് നഗരത്തിൽ കൊവിഡ് പടരുന്നത് ചൈനയെ ആശങ്കയിലാക്കുന്നു. ബീജിങ്ങിൽ സ്ഥിതി ഗുരുതരമെന്ന് നഗര ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഞ്ച് ദിവസത്തിനിടെ ബീജിങ്ങിൽ പുതുതായി 106 പേർക്കാണ്കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടോയെന്ന് വ്യാപകമായ പരിശോധനകളിലൂടെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന മത്സ്യ, മാംസ മാർക്കറ്റുകൾ അടച്ചു. ബീജിങ്ങിൽ രോഗം പടരുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി.

അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവും അധികം പേർക്ക് കൊവിഡ് ബാധിച്ചത്. യുഎസിലെ കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷത്തോട് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 20,313 പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ചത്. ബ്രസീലിലാണ് ഇന്നലെ ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ, 23,674 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. റഷ്യയിൽ അഞ്ചര ലക്ഷത്തോളം പേർക്ക് ഇതിനോടകം രോഗം ബാധിച്ചു. ലോകത്ത് മരണം നാലര ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയിൽ മാത്രം ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം ഇതിനോടകം മരിച്ചു.

Latest Videos

click me!