സ്വകാര്യ അന്വേഷണ ഏജന്‍സിയെ വെച്ച് രഹസ്യമായി ഡിഎൻഎ ടെസ്റ്റ്; താൻ ശതകോടീശ്വരന്റെ മകളെന്ന് യുവതി, കേസ് കോടതിയിൽ

By Web TeamFirst Published Feb 1, 2024, 5:46 PM IST
Highlights

ഇലെട്ര ഉപയോഗിച്ച ഒരു സ്ട്രോയിൽ നിന്നാണ് ഈ ഏജൻസി ഡിഎൻഎ സാമ്പിൾ ശേഖരിച്ചതത്രെ. ഇത് പരിശോധിച്ചതിൽ നിന്ന് താനും ഇലെട്രയും സഹോദരിമാരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കോടയിൽ നല്‍കിയ രേഖകളിൽ പറയുന്നു. 

മിലാൻ: ലംബോര്‍ഗിനി കമ്പനിയുടെ സ്ഥാപകന്‍ തന്റെ പിതാവാണെന്ന അവകാശവാദവുമായി 35 വയസുകാരി രംഗത്ത്. ഇറ്റലിയിലെ നേപിള്‍സിൽ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന ഫ്ലാവിയ ബോര്‍സൺ എന്ന യുവതിയാണ് ഡിഎൻഎ പരിശോധനാ ഫലം ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ട് തന്റെ പിതൃത്വം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചത്. തുടര്‍ന്ന് യുവതി കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

ലംബോര്‍ഗിനി സ്ഥാപകനായ ടോണിനോ ലംബോര്‍ഗിനിയുടെ മകളാണ് താനെന്നാണ് യുവതി വാദിക്കുന്നത്. ടോണിനോയുടെ മകൾ ഇലെട്രയുടെയും തന്റെയും ഡിഎൻഎ പരിശോധന നടത്തിയപ്പോൾ ഏറെ സമാനതകളുണ്ടായിരുന്നു എന്നും പിതൃത്വം തെളിയിക്കാൻ ഇത് പര്യാപ്തമാണെന്നുമാണ് യുവതി പറയുന്നത്. ഇലെട്രയുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കാൻ ഒരു സ്വകാര്യ അന്വേഷണ ഏജൻസിയെ തന്നെ ഇവര്‍ നിയോഗിക്കുകയായിരുന്നു. ഇലെട്ര ഉപയോഗിച്ച ഒരു സ്ട്രോയിൽ നിന്നാണ് ഈ ഏജൻസി ഡിഎൻഎ സാമ്പിൾ ശേഖരിച്ചതത്രെ. ഇത് പരിശോധിച്ചതിൽ നിന്ന് താനും ഇലെട്രയും സഹോദരിമാരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കോടയിൽ നല്‍കിയ രേഖകളിൽ പറയുന്നു. 

Latest Videos

ഫെറാറ സര്‍വകലാശാലയിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇലെട്രയും ബോര്‍സണും തമ്മിൽ ബന്ധമുണ്ടെന്ന്  വ്യക്തമായിട്ടുള്ളതായി വിദഗ്ധര്‍ പറയുന്നു. 1980 മുതൽ തന്റെ അമ്മയും ടോണിനോ ലംബോര്‍ഗിനിയുടെ തമ്മിൽ ബന്ധമുണ്ടായിരുന്നെന്നു എന്നാണ് യുവതിയുടെ വാദം. അമ്മ ബസ് കാത്തുനിൽക്കുമ്പോൾ അതുവഴി കാറിൽ വരികയായിരുന്ന ടോണിനോ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും പിന്നീട് ഇരുവരും അടുപ്പത്തിലാവുകയും ചെയ്തത്രെ. വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിനൊടുവിൽ 1988ലാണ് ബോര്‍സൺ ജനിച്ചതെന്നാണ് വാദം.

അതേസമയം ടോണിനോ ലംബോര്‍ഗിനി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനാ ഫലം യുവതി പുറത്തുവിട്ടതിന് പിന്നാലെ ബോര്‍സനും അമ്മയ്ക്കുമെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുകയാണ് അദ്ദേഹം. എന്നാൽ 2019ൽ ടോണിനോയുമായി സംസാരിച്ചത് താന്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് യുവതിയുടെ മറുവാദം. യുവതിയുടെ അമ്മയുമായി തനിക്ക് ബന്ധമുണ്ടെന്ന് ടോണിനോ ലംബോര്‍ഗിനി നേരത്തെ സമ്മതിച്ചിട്ടുണ്ടെന്ന് അവരുടെ അഭിഭാഷകനും പറയുന്നുണ്ട്. 

എന്നാൽ ഈ കേസ് തന്നെ നിയമവിരുദ്ധമാണെന്ന് ടോണിനോയുടെ അഭിഭാഷകന്‍ പറഞ്ഞു. അനുമതിയില്ലാതെയാണ് ഡിഎൻഎ സാമ്പിൾ ശേഖരിച്ചത്. അതുകൊണ്ടുതന്നെ അത് തെളിവായി സമര്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ടോണിനോ ലംബോര്‍ഗിനിയെ ബുദ്ധിമുട്ടിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹത്തിന്റെ മകളാണെന്ന് സമ്മതിച്ചു കിട്ടുക മാത്രമാണ് ലക്ഷ്യമെന്നും യുവതിയുടെ അഭിഭാഷകനും പറയുന്നു. വര്‍ഷങ്ങളോളം അച്ഛൻ ആരാണെന്ന് അറിയാതെ ജീവിക്കേണ്ടി വന്നയാളിന് അത് അംഗീകരിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ടോണിനോ ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാവാതെ വന്നതുകൊണ്ടാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. ഇതിൽ നിന്ന് തന്നെ ഇലെട്രയും ബോര്‍സണും സഹോദരങ്ങളാണെന്നും ഇരുവരും ഒരു അച്ഛന്റെ മക്കളാണെന്നും വ്യക്തമായി. ടോണിനോ നൽകിയ മാനനഷ്ടക്കേസ് തള്ളിപ്പോകാൻ ഇതുതന്നെ മതിയായ വസ്തുതയാണെന്ന് അഭിഭാഷകൻ പറഞ്ഞു. തനിക്കോ തന്റെ മകള്‍ക്കോ ടോണിനോയുടെ സ്വത്ത് ആവശ്യമില്ലെന്നും അച്ഛൻ ആരാണെന്ന് അറിയുക മകളുടെ അവകാശമാണെന്നും ബോര്‍സന്റെ അമ്മയും കോടതിയിൽ പറഞ്ഞു. പണത്തിന് വേണ്ടിയായിരുന്നെങ്കിൽ മകള്‍ക്ക് രണ്ട് വയസുണ്ടായിരുന്നപ്പോള്‍ തന്നെ താൻ ഇത് ചെയ്യുമായിരുന്നു എന്നും അവര്‍ പറഞ്ഞു. ടോണിനോ ലംബോര്‍ഗിനിക്ക് നാല് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!