പകർത്തുന്ന ദൃശ്യങ്ങൾ സൂക്ഷിക്കാനായി കൈവശം വെച്ചിരുന്ന രണ്ട് ലാപ്ടോപ്പുകൾ പൊലീസ് പിടികൂടി.
ദില്ലി: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ഒളിക്യാമറ സ്ഥാപിച്ച 30കാരൻ പിടിയിൽ. സിവിൽ സർവീസ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവതിയുടെ ശുചിമുറിയിലും കിടപ്പുമുറിയിലുമാണ് ഇയാൾ ഒളിക്യാമറകൾ സ്ഥാപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയിൽ കരൺ എന്നായാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റ് ഉടമയുടെ മകനാണ് പിടിയിലായ കരൺ.
കരണിന്റെ പക്കൽ നിന്ന് ഒരു ഒളിക്യാമറയും പകർത്തുന്ന ദൃശ്യങ്ങൾ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന രണ്ട് ലാപ്ടോപ്പുകളും പിടികൂടിയിട്ടുണ്ടെന്ന് ഡിസിപി അരുൺ ഗുപ്ത അറിയിച്ചു. യുവതി സ്വന്തം നാടായ ഉത്തർപ്രദേശിലേയ്ക്ക് പോകുമ്പോൾ മുറിയുടെ താക്കോൽ കരണിന്റെ പക്കൽ ഏൽപ്പിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. സമീപകാലത്ത് ചില അസ്വാഭാവികമായ പ്രവർത്തനങ്ങൾ തന്റെ വാട്ട്സ്ആപ്പിൽ നടക്കുന്നതായി യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ പരിചിതമല്ലാത്ത ഒരു ലാപ്ടോപ്പ് തന്റെ വാട്ട്സ്ആപ്പുമായി ലിങ്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തുകയും ഉടൻ തന്നെ ലോഗ് ഔട്ട് ചെയ്യുകയും ചെയ്തെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
undefined
ഈ സംഭവത്തോടെ തന്നെ ആരോ പിന്തുടരുന്നതായി മനസിലാക്കിയ യുവതി അപ്പാർട്ട്മെന്റിൽ പരിശോധന നടത്തി. തുടർന്ന് ശുചിമുറിയിലെ ബൾബ് ഹോൾഡറിൽ ഒരു ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തുകയും ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. മറ്റാരെങ്കിലും മുറിയിൽ പ്രവേശിക്കാറുണ്ടോ എന്ന പൊലീസിന്റെ ചോദ്യത്തിന് കരണിനെ താക്കോൽ ഏൽപ്പിക്കാറുണ്ടെന്ന് യുവതി പറഞ്ഞതോടെയാണ് പ്രതി പിടിയിലായത്. സംഭവത്തിൽ കരണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.