മോട്ടോർ ബൈക്കിലെത്തിയ ആയുധധാരികളായ അജ്ഞാത സംഘമാണ് ബുധനാഴ്ച രാത്രി ബിജെപി പ്രവർത്തകയെ കൊന്നതെന്ന് പൊലീസ് പറയുന്നു.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി പ്രവർത്തക കൊല്ലപ്പെട്ടതിനെ തുടർന്ന് വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബംഗാളിലെ നന്ദിഗ്രാം ഉൾപ്പെടുന്ന തംലൂക്കിൽ ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കവെയാണ് സംഭവങ്ങൾ.
സോനാചുര ഗ്രാമത്തിലെ ബിജെപി പ്രവർത്തകയായ 38 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ബിജെപി പ്രവർത്തകർ വ്യാപരമായി റോഡുകൾ ഉപരോധിക്കുകയും ടയറുകൾ കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. നന്ദിഗ്രാമിൽ ബിജെപി ബന്ദ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവലിച്ചതായി പ്രാദേശിക നേതാക്കൾ പറഞ്ഞു. മോട്ടോർ ബൈക്കിലെത്തിയ ആയുധധാരികളായ അജ്ഞാത സംഘമാണ് ബുധനാഴ്ച രാത്രി ബിജെപി പ്രവർത്തകയെ കൊന്നതെന്ന് പൊലീസ് പറയുന്നു.
തൃണമൂൽ കോൺഗ്രസ് സംഘമാണ് തങ്ങളുടെ പ്രവർത്തകയെ കൊന്നതെന്നും നിരവധിപ്പേർക്ക് അക്രമങ്ങളിൽ പരിക്കുണ്ടെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മേഘ്നാഥ് പോൾ വാർത്താ ഏജൻസിയോട് പറഞ്ഞു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും അദ്ദേഹത്തെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം തങ്ങൾക്കെതിരായ ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് നേതാക്കൾ തള്ളിക്കളഞ്ഞു. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകയ്ക്ക് ചില കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായിട്ടായിരിക്കാം കൊലപാതകം നടന്നതെന്നുമാണ് ടി.എം.സി നേതാവ് സ്വദേശ് ദാസ് പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുവെന്ന് പൊലീസ് പറയുന്നു. നന്ദിഗ്രാം ഉൾപ്പെട്ടെ തംലുക് ലോക്സഭാ മണ്ഡലത്തിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം