ജയിലിലുള്ള ഭർത്താവിനെ ഒരുമാസത്തേക്കെങ്കിലും പുറത്ത് വിടണം, ഭാര്യയുടെ ഹർജി കുഞ്ഞിന് ജന്മം നൽകണമെന്ന ആവശ്യവുമായി

By Web Team  |  First Published Nov 8, 2023, 12:21 PM IST

ജനിപ്പിക്കാനുള്ള അവകാശമെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവിനെ കൂട്ടുപിടിച്ചാണ് വനിതയുടെ അപേക്ഷ


ഭോപ്പാല്‍: കുഞ്ഞുങ്ങളില്ല, ജയിലിലുള്ള ഭർത്താവിനെ ഒരുമാസത്തേക്കെങ്കിലും പുറത്ത് വിടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് ഭാര്യ. മധ്യ പ്രദേശിലാണ് സംഭവം. കുട്ടികളുണ്ടാവാന്‍ ഒരു മാസത്തേക്കെങ്കിലും ഇൻഡോറിലെ സെൻട്രൽ ജയിലിലുള്ള ഭർത്താവിനെ പുറത്ത് വിടണമെന്ന ഹർജിയുമായാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. ജനിപ്പിക്കാനുള്ള അവകാശമെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവിനെ കൂട്ടുപിടിച്ചാണ് വനിതയുടെ അപേക്ഷ.

തടവുകാരുടെ ദാമ്പത്യ ബന്ധത്തേക്കുറിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും പരാതിക്കാരി അപേക്ഷയിൽ വിശദമാക്കുന്നുണ്ട്. സ്ത്രീയുടെ അപേക്ഷയെ എതിർഭാഗം അഭിഭാഷകന്‍ എതിർത്തു. പരാതിക്കാരിക്ക് കുട്ടികളുണ്ടാവാനുള്ള പ്രായം കടന്നുപോയെന്ന് വിശദമാക്കിയാണ് സർക്കാര്‍ അഭിഭാഷകന്‍ അപേക്ഷയെ എതിർത്തത്. സ്വാഭാവിക രീതിയിലുള്ള ഗർഭധാരണം ഇനി സാധ്യമല്ലെന്നും ആർത്തവ വിരാമത്തോട് അടുത്ത പ്രായമായതിനാല്‍ കൃത്രിമ മാർഗങ്ങൾ പരാതിക്കാരി സ്വീകരിക്കേണ്ടി വരുമെന്നും എതിർഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

Latest Videos

undefined

ഇതോടെ യുവതിയുടെ ഗർഭധാരണ സാധ്യതകളേക്കുറിച്ച് മെഡിക്കൽ സംഘത്തോട് പഠിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. ജസ്റ്റിസ് വിവേക് അഗർവാളാണ് ഹർജി പരിഗണിച്ചത്. പരാതിക്കാരിയോട് ഉടനേ തന്നെ മെഡിക്കൽ സംഘത്തിന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു.

ജബൽപൂരിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളേജിലെ അഞ്ചംഗ സംഘമാകും പരാതിക്കാരിയെ പരിശോധനയ്ക്ക് വിധേയമാക്കുക. മൂന്ന് ഗൈനക്കോളജിസ്റ്റുകള്‍, ഒരു മാനസികാരോഗ്യ വിദഗ്ധന്‍, ഉദരരോഗ വിദഗ്ധന്‍ എന്നിവരാണ് മെഡിക്കല്‍ കോളേജിലെ ഡീന്‍ നയിക്കുന്ന സംഘത്തിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!