Latest Videos

2 വർഷത്തിനിടെ യുവതിക്ക് രണ്ട് 'മരണം'; അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് 1.1 കോടി തട്ടിയ കഥ! കേസെടുത്ത് പൊലീസ് 

By Web TeamFirst Published Jun 30, 2024, 1:06 PM IST
Highlights

2023 ഒക്‌ടോബർ 20ന് മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇത്തവണ പവിത്ര എന്ന സ്ത്രീയാണ് മരിച്ചത്. പവിത്രയുടെ ഇൻഷുറൻസ് പോളിസിയുടെ നോമിനി ഭർത്താവ് രോഹിത് (48) ആയിരുന്നു.

മുംബൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രണ്ട് വർഷത്തിനിടെ രണ്ട് തവണ 'മരിച്ച്' യുവതി. മുംബൈ ഭയന്ദറിലെ ഇൻഷുറൻസ് തട്ടിപ്പിലാണ് കാഞ്ചൻ റായി എന്ന സ്ത്രീ കുടുങ്ങിയത്. പണം തട്ടിയെടുക്കാൻ ഇവരുടെ ആദ്യത്തെ മരണം 2021 ഒക്‌ടോബർ 11 ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹൃദയസ്തംഭനം കാരണമാണ് മരണമെന്ന് കാണിച്ച് കാഞ്ചൻ്റെ മകൻ ധനരാജ് (30) ആവശ്യമായ രേഖകൾ സമർപ്പിച്ചു. വിശദമായ പരിശോധനക്ക് ശേഷം ഇൻഷുറൻസ് കമ്പനി അദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് 20.4 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. അതുപോലെ, മറ്റൊരു ഇൻഷുറൻസ് കമ്പനിയിൽ നിന്നും നോമിനിയായ ധനരാജിന് ‘മരണ’ത്തിന് 25 ലക്ഷം രൂപയുടെ ക്ലെയിം ലഭിച്ചു. യഥാർഥത്തിൽ കാഞ്ചൻ റായി മരിച്ചിട്ടുണ്ടായിരുന്നില്ല. 

2023 ഒക്‌ടോബർ 20ന് മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇത്തവണ പവിത്ര എന്ന സ്ത്രീയാണ് മരിച്ചത്. പവിത്രയുടെ ഇൻഷുറൻസ് പോളിസിയുടെ നോമിനി ഭർത്താവ് രോഹിത് (48) ആയിരുന്നു. 24.2 ലക്ഷം രൂപ അവകാശപ്പെട്ട് ഇയാൾ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചു. 
എന്നാൽ, നടപടികൾ പുരോ​ഗമിക്കെ, ജനുവരി 30 ന്, ഇൻഷുറൻസ് കമ്പനിക്ക് സംശയം തോന്നിയതിനെത്തുടർന്ന് ഓഡിറ്റ് നടത്തി. ഓഡിറ്റിൽ നേരത്തെയുള്ള കാഞ്ചൻ റായിയുടെ അതേ വിലാസം. പേര് മാത്രം വ്യത്യാസം. മറ്റ് വിവരങ്ങൾ എല്ലാം സാമ്യം. ഇൻഷുറൻസ് കമ്പനി ഇവർ ഇൻഷുർ ചെയ്ത മറ്റൊരു ഇൻഷുറൻസ് സ്ഥാപനത്തെ സമീപിക്കുകയും കാഞ്ചൻ്റെ മരണത്തിൻ്റെ വിശദാംശങ്ങൾ തേടുകയും ചെയ്തു. പരിശോധനയിൽ രോഹിത് വീണ്ടും നോമിനിയായ രണ്ടാമത്തെ ‘മരണ’ത്തിന് 24 ലക്ഷം, 17 ലക്ഷം എന്നിങ്ങനെയുള്ള രണ്ട് ക്ലെയിമുകൾ കൂടി കെട്ടിക്കിടക്കുകയായിരുന്നുവെന്ന് കണ്ടെത്തി. 

Read More.... ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിച്ച് വിൽപന; തിരൂരിൽ കഞ്ചാവുമായി 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ പിടിയിൽ

രണ്ട് വ്യത്യസ്ത ആധാറും പാൻ കാർഡും ഉപയോഗിച്ച് അഞ്ച് സ്വകാര്യ കമ്പനികളിൽ നിന്ന് കാഞ്ചൻ ഇൻഷുറൻസ് പോളിസി എടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. എല്ലാ കേസുകളിലും മീരാ-ഭയാന്ദർ, വസായ്-വിരാർ മുനിസിപ്പാലിറ്റികൾ നൽകിയ മരണ സർട്ടിഫിക്കറ്റിൽ ഡോക്ടർ യാദവ് ഒപ്പിട്ടിരുന്നു. വ്യാജ രേഖകളും പവിത്ര എന്ന കാഞ്ചൻ്റെ ഫോട്ടോയുടെ പകർപ്പും സഹിതമാണ് അപേക്ഷകൾ സമർപ്പിച്ചത്. തട്ടിപ്പിൽ ഇൻഷുറൻസ് സ്ഥാപനങ്ങളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നുമുള്ളവരുൾപ്പെടെ പങ്കും സംശയിക്കുന്നതായി ഭയന്ദർ പൊലീസ് പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞയാണ് മൂന്ന് പേർക്കെതിരെ കേസെടുത്തത്. 

Asianet News Live

click me!