വിദേശത്തു നിന്ന് വന്നിറങ്ങിയ യുവതിയെ സംശയം, പരിശോധനയിൽ ഒന്നും കണ്ടില്ല; ഷാമ്പൂ ബോട്ടിൽ തുറന്നതോടെ കുടുങ്ങി

By Web TeamFirst Published Aug 17, 2024, 9:19 AM IST
Highlights

സംശയം തോന്നി ഷാമ്പൂ ബോട്ടിൽ പരിശോധിച്ചപ്പോഴും അതിലുണ്ടായിരുന്നത് ഒറ്റനോട്ടത്തിൽ ഷാമ്പൂ ആണെന്ന് തോന്നിപ്പിക്കുന്ന ദ്രാവകം തന്നെയായിരുന്നു. വിശദ പരിശോധനയിൽ മാത്രമാണ് അതിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തിയത്.

മുംബൈ: വിദേശത്തു നിന്നെത്തിയ യുവതിയിൽ നിന്ന് 20 കോടി രൂപ വിലമതിയ്ക്കുന്ന കൊക്കൈൻ പിടികൂടി. പരിശോധനയിൽ പിടിപ്പെട്ടാതിരിക്കാൻ ഷാമ്പൂ, ലോഷൻ ബോട്ടിലുകളിൽ നിറച്ചാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. ഇതിന് പുറമെ ഷാമ്പൂവും ലോഷനും പോലെ തോന്നിക്കുന്ന ദ്രാവക രൂപത്തിലാക്കി മാറ്റിയായിരുന്നു നിരോധിത മയക്കുമരുന്ന് എത്തിച്ചതും.

കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കെനിയൻ പാസ്പോർട്ടാണ് യുവതിക്ക് ഉണ്ടായിരുന്നത്. ഇന്റലിജൻസ് വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തിൽ യുവതിയെ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ തടഞ്ഞ് വിശദമായ പരിശോധന നടത്തി.

Latest Videos

യുവതി കൊണ്ടുവന്ന ബാഗ് പരിശോധിച്ചപ്പോൾ അതിനുള്ളിലായിരുന്നു സംശയകരമായ രണ്ട് ഷാമ്പൂ, ലോഷൻ ബോട്ടിലുകൾ ഉണ്ടായിരുന്നത്. ഇതിനുള്ളിൽ 1983 ഗ്രാം  ദ്രാവകമായിരുന്നു നിറച്ചിരുന്നത്. ശാസ്ത്രീയ പരിശോധനയിൽ ഇതിൽ കൊക്കൈൻ അടങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. പിടിക്കപ്പെടാനുള്ള സാധ്യത തീരെ ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു മയക്കുമരുന്ന് ദ്രാവക രൂപത്തിലാക്കി ഷാമ്പൂ, ലോഷൻ ബോട്ടിലിലാക്കി കൊണ്ടുവന്നതെന്ന് ഡിആർഐ അധികൃതർ പറഞ്ഞു.

യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. യുവതിക്ക് ആരാണ് മയക്കുമരുന്ന് നൽകിയതെന്നും ഇവിടെ ആർക്ക് വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. നേരത്തെയും വിദേശത്തു നിന്ന് മുംബൈ വിമാനത്താവളം വഴി കൊക്കൈൻ കടത്താനുള്ള ശ്രമം നടന്നിട്ടുണ്ട്. 

2022ൽ ബൊളിവിയൻ സ്വദേശിനിയായ ഒരു യുവതി 13 കോടി രൂപ വിലമതിക്കുന്ന ബ്ലാക്ക് കൊക്കൈനുമായി മുംബൈ വിമാനത്താവളത്തിൽ പിടിയിലായിരുന്നു. പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ വിദഗ്ധമായി ഒളിപ്പിച്ചാണ് അന്നും മയക്കുമരുന്ന് കടത്താൻ ശ്രമം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!