ബംഗളുരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയും ഭാര്യയുടെ അമ്മയും അറസ്റ്റിലായി.
ബംഗളുരു: ബംഗളുരുവിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിസിനസുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയും ഭാര്യയുടെ അമ്മയുമാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ലോക്നാഥ് സിങ് (37) ആണ് മരിച്ചത്. ഇയാളുടെ അവിഹിത ബന്ധങ്ങളും അനധികൃത ബിസിനസ് ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തി.
ബംഗളുരു നഗരത്തിന് പുറത്ത് ഒരു ഒഴിഞ്ഞ പ്രദേശത്ത് കാറിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് ശനിയാഴ്ച വൈകുന്നേരം 5.30ഓടെ പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചതിനൊപ്പം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും തുടങ്ങി. ഇതിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്ന് യുവാവിന്റെ ഭക്ഷണത്തിൽ ഉറക്ക ഗുളിക ചേർക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോധരഹിതനായ യുവാവിനെ കാറിൽ ഒരു ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കഴുത്തറുത്ത് കൊന്നു. തുടർന്ന് ഇരുവരും അവിടെ നിന്ന് മുങ്ങിയെന്നും പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട ലോക്നാഥും ഭാര്യയും രണ്ട് വർഷമായി നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ പ്രായത്തിലുള്ള വ്യത്യാസം കാരണം ലോക്നാഥിന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെ രണ്ട് പേരുടെയും വീട്ടുകാർ അറിയാതെ ഡിസംബറിൽ ഇവർ രഹസ്യമായി വിവാഹം ചെയ്തു. വിവാഹ ശേഷം ഭാര്യവീട്ടിലെത്തിയ ലോക്നാഥ് യുവതിയെ മാതാപിതാക്കളുടെ അടുത്താക്കി അവിടെ നിന്ന് മുങ്ങുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇയാൾക്ക് മറ്റ് അവിഹിത ബന്ധങ്ങളുണ്ടെന്നും നിയമവിരുദ്ധമായ ബിസിനസ് ഇടപാടുകളുണ്ടെന്നും ഭാര്യ കണ്ടെത്തിയത്.
ഇതോടെ ഇരുവരും തമ്മിൽ തർക്കങ്ങളും തുടങ്ങി. വിവാഹ മോചനത്തിനുള്ള സംസാരങ്ങളും തുടങ്ങിയിരുന്നു. ഇതിന് ശേഷം ലോക്നാഥ് ഭാര്യയുടെ മാതാപിതാക്കളെ കൂടി ഭീഷണിപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ ഗുരുതരമായത്. ഇതാണ് കൊലപാതക പദ്ധതിയിലേക്ക് നയിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഒരു സാമ്പത്തിക തട്ടിപ്പ് കേസിൽ നേരത്തെ പൊലീസ് നിരീക്ഷണത്തിലുള്ള ആളായിരുന്നു കൊല്ലപ്പെട്ട ലോക്നാഥ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം