ലക്ഷ്യം ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; 11 സ്വകാര്യ ടെക്‌സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ യുപി സ‍ർക്കാർ 

By Web Team  |  First Published Nov 6, 2024, 2:30 PM IST

അടുത്ത വർഷം ഡിസംബറോടെ ടെക്സ്റ്റൈൽ പാർക്ക് പ്രവർത്തനക്ഷമാക്കാനാണ് യോഗി സർക്കാരിന്റെ ശ്രമം.


ലഖ്നൗ: വിവിധ ജില്ലകളിൽ 11 പുതിയ സ്വകാര്യ ടെക്‌സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കുക,  നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളും ഇതിന് പിന്നിലുണ്ട്. ഗൊരഖ്പൂർ, ഭദോഹി, അലിഗഡ്, ബാഗ്പത്, ഷംലി തുടങ്ങിയവ ഉൾപ്പെടെയുള്ള ജില്ലകളിലാണ് ടെക്സ്റ്റൈൽ പാർക്കുകൾ യാഥാർത്ഥ്യമാകുന്നത്. 

726 കോടി രൂപ മുതൽ മുടക്കിൽ സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ ടെക്‌സ്‌റ്റൈൽ പാർക്ക് ഷംലി ജില്ലയിൽ സ്ഥാപിക്കും. നൈപുണ്യ വികസനം ഉൾപ്പെടെ വിവിധ സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കുക വഴി ചൈന പോലെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ അസംസ്കൃത വസ്തുക്കൾ വാങ്ങേണ്ടതിൻ്റെ ആവശ്യകത കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഏകദേശം 126.61 കോടി രൂപ ചെലവിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ, ലഖ്‌നൗവിൽ 1000 ഏക്കർ സ്ഥലത്ത് പിഎം മിത്ര പാർക്ക് വികസിപ്പിക്കുകയും ചെയ്യും. 

Latest Videos

തെരുവ് വിളക്കുകളോട് കൂടിയ ടാർ റോഡുകളുടെ ശൃംഖല, ജലവിതരണ സംവിധാനം, മലിനജല സംവിധാനം, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം, മലിനജല ശുദ്ധീകരണ പ്ലാൻ്റ് തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ പാർക്കിൽ ഉൾപ്പെടും. മൊത്തം 600 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ഏകദേശം 5,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അടുത്ത വർഷം ഡിസംബറോടെ പാർക്ക് പ്രവർത്തനക്ഷമാക്കാനാണ് ശ്രമം.  

READ MORE: രാജ്യ താത്പ്പര്യമല്ല, നെതന്യാഹുവിന് പ്രധാനം സ്വന്തം താത്പ്പര്യം; ഇസ്രായേലിൽ പ്രതിഷേധം, ആയിരങ്ങൾ തെരുവിലിറങ്ങി
 

click me!