ദുബൈയിൽ നിന്ന് യാത്രക്കാരെ കയറ്റാനാകാത്ത പ്രശ്നം; സ്പൈസ്‍ജെറ്റിന്റെ പ്രവർത്തനം കൂടുതൽ നിരീക്ഷിക്കാൻ ഡിജിസിഎ

By Web Team  |  First Published Aug 29, 2024, 8:26 PM IST

ദുബൈയിൽ ചില ഫീസുകൾ നൽകുന്നതിൽ വീഴ്ച വരുത്തിയതു കൊണ്ടാണ് അവിടെ നിന്ന് യാത്രക്കാരെ ചെക്ക് ഇൻ ചെയ്യാൻ അധികൃതർ അനുവദിക്കാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ.


ന്യൂഡൽഹി: സർവീസുകൾ റദ്ദാക്കലും സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സ്പൈസ്‍ജെറ്റ് വിമാനക്കമ്പനിയുടെ പ്രവ‍ർത്തനം കൂടുതൽ ശക്തമായി നിരീക്ഷിക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ തീരുമാനം. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് സ്പൈസ്ജെറ്റ് ഇത്തരം നടപടികൾക്ക് വിധേയമാവുന്നത്.  

ദുബൈയിൽ കുടിശിക നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് അവിടെ നിന്നുള്ള സ‍ർവീസുകൾ അടുത്തിടെ റദ്ദാക്കേണ്ടി വന്ന സാഹചര്യമുൾപ്പെടെ കണക്കിലെടുത്താണ് വീണ്ടും ഡിജിസിഎ, കമ്പനിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്. വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചതിൽ ചില വീഴ്ചകൾ കണ്ടെത്തിയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ അപ്രതീക്ഷിത പരിശോധനകളും നൈറ്റ് ടൈം ഓഡിറ്റുകളുമൊക്കെ കമ്പനിയുടെ സർവീസുകൾക്ക് മേലുണ്ടാവും. 

Latest Videos

undefined

ദുബൈയിൽ നിന്നുള്ള സ്പൈസ്ജെറ്റ് വിമാനങ്ങൾക്ക് യാത്രക്കാരെ അവിടെ നിന്ന് കയറ്റാൻ സാധിക്കാതെ മടങ്ങേണ്ടി വന്നുവെന്ന് വിവിധ രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ദുബൈയിൽ നൽകേണ്ട ഫീസുകൾ അടയ്ക്കാത്തതിനാലാണ് യാത്രക്കാരെ ചെക്ക് ഇൻ ചെയ്യാൻ വിമാനത്താവള അധികൃതർ അനുവദിക്കാതിരുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഇങ്ങനെ സംഭവിച്ചത്.

അതേസമയം  പ്രവർത്തന സംബന്ധംമായ ചില പ്രശ്നങ്ങൾ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് സർവീസുകൾ റദ്ദാക്കേണ്ടിവന്നതെന്നാണ് സ്പൈസ്ജെറ്റ് കമ്പനിയുടെ വിശദീകരണം. യാത്ര മുടങ്ങിയവരെ മറ്റ് വിമാനങ്ങളിൽ വിടുകയോ മറ്റ് കമ്പനികളുടെ വിമാനങ്ങളിൽ യാത്ര ഉറപ്പാക്കുകയോ ചെയ്തിട്ടുണ്ടെന്നും അതല്ലാത്തവർക്ക് മുഴുവൻ ടിക്കറ്റ് തുകയും തിരിച്ച് നൽകുമെന്നും കമ്പനി അറിയിച്ചു. ഒപ്പം ദുബൈയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും മുൻനിശ്ചയിച്ച ക്രമപ്രകാരം ഇപ്പോൾ സ‍ർവീസ് നടത്തുന്നുണ്ടെന്ന് സ്പൈസ്ജെറ്റ് അവകാശപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!