മോദി ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കണമെന്നാണ് യുക്രൈൻ ആവശ്യപ്പെടുന്നതെന്നും ഇഗോർ പോളിക വ്യക്തമാക്കി
ദില്ലി/കീവ്: റഷ്യൻ ആക്രമണം (Russia Ukraine Crisis) അവസാനിപ്പിക്കാൻ ഇന്ത്യ ശക്തമായി ഇടപെടണമെന്ന ആവശ്യവുമായി യുക്രൈൻ അംബാസിഡർ (Ukraine Ambassador) രംഗത്ത്. നിരുപാധികം യുക്രൈൻ (Ukraine) ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെടുകയാണെന്നും ശക്തമായി പ്രതികരണമെന്നും ഇന്ത്യയിലെ യുക്രൈൻ അംബാസഡർ ഇഗോർ പോളിക (Igor Polikha) മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. ലോകം വിഷയത്തിൽ പ്രതികരിക്കുകയാണ്. ഇന്ത്യയും അതുപോലെ ഇടപെടണം. നരേന്ദ്രമോദി (Narendra Modi) പറയുന്നത് പുടിൻ (Valdmir Putin) കേൾക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോദി ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കണമെന്നാണ് യുക്രൈൻ ആവശ്യപ്പെടുന്നതെന്നും ഇഗോർ പോളിക വ്യക്തമാക്കി.
ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്. ഇവരുടെയെല്ലാവരുടെയും സുരക്ഷ തങ്ങൾക്ക് പരമപ്രധാനമാണ്. അവരെയെല്ലാവരെയും പരമാവധി സുരക്ഷിതരായിത്തന്നെ പാർപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു. അതിനിടെ യുക്രൈൻ സംഘർഷം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേനന്ദ്രമോദി യോഗം വിളിച്ചു. അഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.
undefined
അതേസമയം യുദ്ധമുഖത്തുള്ള യുക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കമുള്ളവരെ തിരിച്ചുകൊണ്ടുവരാൻ നീക്കം ഇന്ത്യ ഊർജിതമാക്കി. യുക്രൈനിൽ നിന്ന് വ്യോമമാർഗമുള്ള ഒഴിപ്പിക്കൽ മുടങ്ങിയതിനാൽ കരമാർഗം തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് വ്യോമമാർഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഇന്ത്യൻ എംബസി ആലോചിക്കുന്നത്. ഇന്ത്യൻ പൗരൻമാർക്ക് തിരികെ വരണമെങ്കിൽ പടിഞ്ഞാറൻ യുക്രൈനിലേക്ക് വരേണ്ടി വരും. എല്ലാ പൗരൻമാരോടും പാസ്പോർട്ട് നിർബന്ധമായും കയ്യിൽ കരുതണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. എംബസിയുടെ ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും തുടർച്ചയായി നിരീക്ഷിക്കണമെന്നാണ് നിർദേശം.
യുക്രൈനിലെ മലയാളി വിദ്യാർത്ഥികളെ രക്ഷിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
കിഴക്കൻ യുക്രൈന്‍റെ അതിർത്തിമേഖലകളിൽ റഷ്യൻ സൈനികവ്യൂഹങ്ങളുണ്ട്. പല നഗരങ്ങളിലും കനത്ത ആക്രമണമാണ് നടക്കുന്നത്. അതിനാൽ കിഴക്കിൽ നിന്ന് പരമാവധി മാറി, പടിഞ്ഞാറൻ അതിർത്തിയിലുള്ള പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലേക്ക് എത്താനാണ് വിദേശകാര്യമന്ത്രാലയവും എംബസിയും ആവശ്യപ്പെടാൻ സാധ്യത. റോഡ് മാർഗം അതിർത്തി കടന്ന് ഈ രാജ്യങ്ങളിലേക്ക് എത്തിച്ചാൽ ഇവിടെ നിന്ന് ഇന്ത്യയിലേക്ക് പൗരൻമാരെ കൊണ്ടുവരാം. യുക്രൈൻ പടിഞ്ഞാറൻ അതിർത്തിയിലെ മിക്ക രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് മികച്ച നയതന്ത്രബന്ധമുണ്ട്. അതിനാൽ അവിടെ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് വിദേശകാര്യമന്ത്രാലയം കണക്കുകൂട്ടുന്നത്.
എന്നാൽ യുക്രൈനിലെ പൊതുഗതാഗത സർവീസുകൾ പൂർണമായും നിലച്ച അവസ്ഥയിലാണ്. പല ബാങ്കുകളും അടച്ചു. പണം കൈമാറാൻ ഒരു വഴിയുമില്ല. എല്ലാ എടിഎമ്മുകളും അടച്ചിട്ടിരിക്കുകയാണ്. പണമായി ഒരു രൂപ പോലും എടുക്കാനാകുന്നില്ല. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാനാകില്ല. പടിഞ്ഞാറൻ യുക്രൈനിലേക്ക് യാത്ര ചെയ്യാൻ ക്യാബുകളോ ടാക്സികളോ ബുക്ക് ചെയ്യേണ്ടി വരും. അതിന് വലിയ തുകയാകും. അത് എങ്ങനെയെങ്കിലും സംഘടിപ്പിച്ചാലും അത് ടാക്സി ഡ്രൈവർമാർക്ക് നൽകാൻ വഴിയില്ല.
യുക്രൈൻ സർവകലാശാലകളിൽ കുടുങ്ങി രണ്ടായിരത്തിലധികം മലയാളികൾ
എംബസി ഏതെങ്കിലും തരത്തിൽ വാഹനങ്ങൾ സംഘടിപ്പിച്ച് പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കാൻ സഹായിക്കണമെന്നാണ് പല വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്. പലരും ഓഫ്‍ലൈൻ ക്ലാസുകൾ നഷ്ടമാകും എന്ന ഭയത്താലാണ് രാജ്യത്തേക്ക് തിരികെ മടങ്ങാതിരുന്നത്. വലിയ തുക മുടക്കിയാണ് പഠിക്കാനെത്തിയത്. ഇവിടെ നിന്ന് നാട്ടിലേക്ക് പോയാൽ പിന്നെ തിരികെ വരുന്നത് ബുദ്ധിമുട്ടാകും. അതിന് വലിയ പണച്ചെലവും വരും. അതിനാൽത്തന്നെ നിരവധി കുട്ടികൾ നാട്ടിലേക്ക് മടങ്ങാതെ യുക്രൈനിൽത്തന്നെ തുടർന്നു.
യുദ്ധമുണ്ടാകില്ല എന്ന പ്രതീക്ഷയിൽത്തന്നെയായിരുന്നു കുട്ടികളിൽ പലരും. സമാധാനശ്രമങ്ങൾ ലക്ഷ്യം കാണും എന്നാണ് പല ഇന്ത്യൻ പൗരൻമാരും കരുതിയിരുന്നത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി സമാധാനചർച്ചകൾ പലതും നടക്കുന്നതിനിടെയും, യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരുന്നതിനിടെയും പുടിൻ അപ്രതീക്ഷിതയുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
യുക്രൈനിലേക്ക് നാറ്റോ സൈന്യത്തെ അയക്കില്ല; തത്സമയം വിവരങ്ങളറിയാം
യുക്രൈനിൽ 2320 മലയാളി വിദ്യാർത്ഥികളുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുന്നത്. ഇവരെ തിരികെ എത്തിക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസർക്കാരിന് കത്തെഴുതി. ഖാർകിവ് സർവകലാശാലയുടെ ഹോസ്റ്റലിന് മുന്നിൽ സ്ഫോടനമുണ്ടായെന്നും ഇത് നേരിട്ട് കണ്ടെന്നും ഇവിടെ താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിയിരിക്കുന്നത്. ഒഡേസ തുറമുഖത്ത് ഇന്ന് രാവിലെ റഷ്യ ആക്രമണം തുടങ്ങിയിരുന്നു. സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നാണ് നോർക്കയും അറിയിക്കുന്നത്.
വിദ്യാർത്ഥികളിൽ പലരും പല എയർ ഇന്ത്യ വിമാനങ്ങളിലായി തിരികെ വരാനിരുന്നവരാണ്. എയർ ഇന്ത്യ വിമാനം ഇറങ്ങേണ്ടിയിരുന്ന ബോറിസ്പിൽ വിമാനത്താവളത്തിൽ റഷ്യൻ ആക്രമണമുണ്ടായി. ഇത്തരത്തിൽ ആക്രമണമുണ്ടായേക്കും എന്ന് നേരത്തേ വിവരം ലഭിച്ചതിനാൽ നേരത്തേ ദില്ലിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരികെ മടങ്ങിയിരുന്നു. ബെലാറഷ്യൻ സൈന്യവും കൂടി പങ്കെടുത്ത ആക്രമണമാണ് ഈ വിമാനത്താവളത്തിൽ നടന്നത്.
ഇത് വരെ രണ്ട് എയർ ഇന്ത്യ വിമാനങ്ങളാണ് ഒഴിപ്പിക്കലിനായി യുക്രൈനിലേക്ക് സർവീസ് നടത്തിയത്. യുക്രൈയിനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ഈ ആഴ്ച മൂന്ന് വിമാനങ്ങളാണ് ഇന്ത്യ തയ്യാറാക്കിയിരുന്നത്. ഇതിൽ ആദ്യ വിമാനം കഴിഞ്ഞ ദിവസം 241 യാത്രക്കാരുമായി തിരികെ എത്തിയിരുന്നു. രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ 7.40-ന് കീവിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും യുക്രൈൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ, തിരികെ വിളിച്ചു. ഇതോടെ വിമാനത്താവളത്തിൽ എത്തിയ മലയാളികൾ അടക്കം ഉള്ളവർ കുടുങ്ങി.
റഷ്യ പല വിമാനത്താവളങ്ങളിൽ അടക്കം ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാകില്ല. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാനാണ് നിലവിൽ എംബസിയുടെ നിർദ്ദേശം. തുടർനടപടികൾ ഉടൻ അറിയിക്കാമെന്നാണ് എംബസി പറയുന്നത്. ഇതിനിടെ, 182 യാത്രക്കാരുമായി കീവിൽ നിന്ന് പുറപ്പെട്ട യുക്രൈയിൻ എയർലൈൻസ് വിമാനം ദില്ലിയിൽ എത്തി.
യുക്രൈനിലെ MEA ഹെൽപ് ലൈൻ
1800118797 (ടോൾ ഫ്രീ)
നമ്പറുകൾ
+91 11 23012113
+91 11 23014104
+91 11 23017905
ഫാക്സ്:
+91 11 23088124
ഇ-മെയിൽ:
situationroom@mea.gov.in
യുക്രൈനിലെ ഇന്ത്യൻ എംബസി 24*7 ഹെൽപ് ലൈൻ
+380 997300428
+380 997300483
ഇ-മെയിൽ: cons1.kyiv@mea.gov.in
വെബ്സൈറ്റ്: www.eoiukraine.gov.in