ബൈക്കിന്റെ പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി 2 വിദ്യാർത്ഥികൾ മരിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പിടികൂടി

By Web Team  |  First Published May 28, 2024, 1:21 PM IST

യുവാക്കളിൽ ഒരാൾ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു എന്ന് പൊലീസ് പറ‌ഞ്ഞു.


പൂനെ: പൂനെ നഗരത്തിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. അപകടം സംഭവിച്ച ഉടൻ സ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ട്രക്ക് ഡ്രൈവറെ പിടികൂടി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം.

പൂനെ - അഹ്മദ് നഗർ റോഡിൽ ചന്ദൻ നഗറിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നഗരത്തിലെ ഒരു എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളായ മൂന്ന് യുവാക്കളാണ് ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇവരിൽ രണ്ട് പേർ കോളേജിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവരെ റെയിൽവെ സ്റ്റേഷനിൽ വിടാനാണ് മറ്റൊരു വിദ്യാർത്ഥി, ബൈക്കുമായി ഇറങ്ങിയത്. വഴിയിൽവെച്ച് ബൈക്കിന്റെ പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

Latest Videos

undefined

യുവാക്കളിൽ ഒരാൾ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു എന്ന് പൊലീസ് പറ‌ഞ്ഞു. അപകടത്തിന് ശേഷം വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച ട്രക്ക് ഡ്രൈവറെ 300 മീറ്ററോളം അകലെ വെച്ച് പൊലീസും നാട്ടുകാരും ചേർന്ന് തടഞ്ഞു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറ‌ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!