പണം അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത് കഴിഞ്ഞപ്പോൾ യുവാവ് ഫോൺ നൽകാൻ വിസമ്മതിച്ചു എന്നാണ് ആരോപണം.
ബംഗളുരു: ഒ.എൽ.എക്സ് പ്ലാറ്റ്ഫോം വഴി സെക്കന്റ് ഹാൻറ് ഐ ഫോൺ വാങ്ങാൻ ശ്രമിച്ച യുവാവിന് 1.10 ലക്ഷം രൂപ നഷ്ടമായതായി പരാതി. പണം വാങ്ങിയ ശേഷം ഫോൺ തരാതെ മുങ്ങിയെന്ന ആരോപണവുമായി 24 വയസുകാരനാണ് പൊലീസിനെ സമീപിച്ചത്. ബംഗളുരു ആർ.ടി നഗർ സ്വദേശിയായ റിയാൻ ഹുസൈനാണ് പരാതിക്കാരൻ.
പഴയ ഫോൺ വാങ്ങാനായി ഒ.എൽ.എക്സിൽ പരതുന്നതിനിടെ ജനുവരി 12നാണ് ഐഫോൺ 16 പ്രോ മാക്സ് വിൽക്കാനുണ്ടെന്ന പരസ്യം കണ്ടത്. കിരൺ എന്നൊരാളാണ് പരസ്യം നൽകിയിരുന്നത്. മൊബൈൽ നമ്പർ എടുത്ത് വിളിച്ച് നോക്കി. ആദ്യത്തെ സംഭാഷണങ്ങൾക്ക് ശേഷം കിരൺ ഐഫോണിന്റെ ബില്ലും ഫോണിന്റെ ബോക്സിന്റെ ചിത്രവും വാട്സ്ആപിൽ അയച്ചുകൊടുത്തു. ശേഷം വില പറഞ്ഞ്, 1.10 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു.
ഉച്ചയ്ക്ക് 12 മണിയോടെ കണ്ണിങ്ഹാമിലെ ഒരു ഹോട്ടലിന് സമീപം എത്താനായിരുന്നു നിർദേശം. അവിടെ ഹുസൈൻ എന്ന് പേരുള്ള ഒരാൾ എത്തുമെന്നും അറിയിച്ചു. പറഞ്ഞ സമയത്ത് സ്ഥലത്തെത്തിയ യുവാവ് ആളെ കണ്ടുപിടിച്ചു. ശേഷം ഐഫോണും ബില്ലും ബോക്സും കാണിച്ചു. എല്ലാം കണ്ട് ഇഷ്ടപ്പെട്ടതോടെ താൻ 1.10 ലക്ഷം രൂപ ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്തു കൊടുത്തു എന്നാണ് യുവാവ് പരാതിയിൽ പറയുന്നത്.
എന്നാൽ പണം കിട്ടിയതോടെ ഇയാളുടെ സ്വഭാവം മാറിയെന്ന് യുവാവ് പറയുന്നു. പണം അക്കൗണ്ടിൽ വന്നിട്ടില്ലെന്ന് പറഞ്ഞ് ഫോൺ തരാൻ തയ്യാറായില്ല. പണം അക്കൗണ്ടിലേക്ക് ട്രാൻസ്‍ഫർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അംഗീകരിക്കാതെ ബൈക്കിൽ കയറി പോവുകയായിരുന്നു എന്നും പരാതിയിൽ ആരോപിക്കുന്നു. പരസ്യം കൊടുത്തയാളെയും പണം വാങ്ങിയയാളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം