'പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ചട്ട വിരുദ്ധം'; ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യക്ക് താല്‍ക്കാലിക ആശ്വാസം

By Web Team  |  First Published Aug 29, 2024, 5:03 PM IST

അടിസ്ഥാനപരമായ പരിശോധന പോലും നടത്താതെയാണ് ഗവർണർ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്ന് അഡ്വ. അഭിഷേക് മനു സിംഗ്‍വി.


ബെംഗളൂരു: മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് മറ്റന്നാൾ വരെ തുടരും. കേന്ദ്രസർക്കാരിന്‍റെ വാദം ശനിയാഴ്ച നടക്കും. സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍ത ആയിരിക്കും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരാകുക. അഡ്വ. മനു അഭിഷേക് സിംഗ്‍വിയാണ് ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വേണ്ടി ഹാജരായത്. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് തീർത്തും ചട്ട വിരുദ്ധമെന്ന് അഡ്വ. അഭിഷേക് മനു സിംഗ്‍വി വാദിച്ചു.

ശശികല ജൊല്ലെ, കുമാരസ്വാമി, മുരുഗേഷ് നിരാനി എന്നീ ബിജെപി, ജെഡിഎസ് നേതാക്കളുടെ കേസുകളിൽ അന്വേഷണം പൂർത്തിയായതാണ്. അന്വേഷണ ഏജൻസികളാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ഗവർണറെ സമീപിച്ചത്. അതിൽ ഗവർണറുടെ ഓഫീസ് പല തവണ വിശദീകരണം ആവശ്യപ്പെട്ട് തീരുമാനം നീട്ടിവെച്ചു.
ഇവിടെ സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ കഴമ്പുണ്ടോ എന്ന് പോലും നോക്കാതെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയെന്നും സിംഗ്‍വി വാദിച്ചു.

Latest Videos

undefined

അടിസ്ഥാനപരമായ പരിശോധന പോലും നടത്താതെയാണ് ഗവർണർ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ഈ ഭൂമിയിടപാട് നടന്ന വർഷങ്ങളിലൊന്നും സിദ്ധരാമയ്യ ഒരു ഔദ്യോഗിക പദവിയും സർക്കാരിൽ വഹിച്ചിട്ടില്ല. ഏത് പരാതിയിൻമേൽ എന്തെല്ലാം പരിശോധിച്ചാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്ന് ഗവർണർ പറഞ്ഞിട്ടുമില്ല. ഭൂമി ഇടപാടുകൾ തന്‍റെ കക്ഷിയുടെ കുടുംബത്തിന്‍റെ പേരിൽ മാത്രമല്ല, മറ്റ് നിരവധി സാധാരണക്കാരുടെയും പേരിൽ നടന്നിട്ടുണ്ട്. അതിനാൽ തന്നെ ഇതിൽ വഴി വിട്ട ഒന്നുമില്ലെന്നും സിദ്ധരാമയ്യക്ക് വേണ്ടി ഹാജരായ അഡ്വ. സിംഗ്‍വി വാദിച്ചു. ശനിയാഴ്ച രാവിലെ 10.3ന് കേസ് വീണ്ടും പരിഗണിയ്ക്കും.

സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേ? ഇനിയൊരു ആത്മഹത്യയുണ്ടാകരുത്; കെഎസ്ആർടിസിയിൽ പെന്‍ഷൻ വൈകരുതെന്ന് ഹൈക്കോടതി

 

click me!