തമിഴ് തായ് വാഴ്ത്ത് വിവാദം: ​ഗവർണർക്ക് പങ്കില്ലെന്ന് തമിഴ്നാട് രാജ്ഭവൻ; മാപ്പ് പറഞ്ഞ് ഡിഡി തമിഴ്

By Web Team  |  First Published Oct 18, 2024, 9:29 PM IST

തമിഴ്നാട് ഗവർണർ മുഖ്യാതിഥിയായ ദൂരദർശൻ ചടങ്ങിൽ സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് ആക്ഷേപം


ചെന്നൈ: തമിഴ്നാട് ഗവർണർ മുഖ്യാതിഥിയായ ദൂരദർശൻ ചടങ്ങിൽ സംസ്ഥാന ഗാനത്തെ അപമാനിച്ചെന്ന് ആക്ഷേപം. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ഗവർണർക്ക് പങ്കില്ലെന്ന് പ്രതികരിച്ച രാജ്ഭവന്‍ മുഖ്യമന്ത്രി വംശീയമായി അധിക്ഷേപിച്ചുവെന്നും ആരോപിച്ചു. വിവാദത്തില്‍ ദൂരദർശൻ മാപ്പ് പറഞ്ഞു.

തമിഴ് തായ് വാഴ്ത്തിനോട് മനപൂര്‍വം അനാദരവ് കാണിച്ചിട്ടില്ലെന്നാണ് ഡിഡി തമിഴ് വിശദീകരണം. സംസ്ഥാന ഗാനത്തിലെ ഒരു വരി പാടിയപ്പോള്‍ വിട്ടുപോയത് ശ്രദ്ധക്കുറവ് മൂലമാണ്. ഗവര്‍ണര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചുമാണ് ഡിഡി തമിഴ് വാര്‍ത്താക്കുറിപ്പിറക്കിയിരിക്കുന്നത്. സംസ്ഥാന ഗാനത്തിലെ ദ്രാവിഡ നാട് എന്നുള്ള വരി ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്. അതേ സമയം, സ്റ്റാലിനെതിരെ തമിഴ്നാട് ഗവര്‍ണര്‍ രംഗത്തെത്തി. മുഖ്യമന്ത്രി വംശീയമായി അധിക്ഷേപിച്ചെന്ന് ആര്‍എന്‍ രവി ആരോപിച്ചു. ഭരണഘടന പദവിയുടെ വില കളഞ്ഞെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

Latest Videos

undefined

ചെന്നൈ ദൂരദർശന്റെ സുവർണജൂബിലി ആഘോഷത്തോട് അനുബന്ധിച്ച്  സംഘടിപ്പിച്ച ഹിന്ദി മാസാചരണ പരിപാടിയാണ് ഗവർണർ, സർക്കാർ പോരിന് വഴിതുറന്നത്. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കുന്ന പരിപാടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി എം.കെ, സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ ചടങ്ങിനെത്തി ഗവർണർ ആർ.എൻ.രവി. സംസ്ഥാനത്തിന്റെ ഔദ്യോ​ഗിക ഗാനമായ തമിഴ്ന തായ് വാഴ്ത്ത് മൂന്ന് സ്ത്രീകൾ ചേർന്ന്  ആലപിച്ചപ്പോൾ ദ്രാവിഡ നാട് എന്നുള്ള വരി വിട്ടുപോയി. പിന്നാലെ തമിഴ് ഭാഷാവാദം വിഘടനവാദ അജണ്ട എന്നടക്കം ആഞ്ഞടിച്ച് ഗവർണറുടെ പ്രസംഗവും. 

ദ്രാവിഡമോഡൽ ഭരണമെന്ന വിശേഷണത്തിന്റെ വിമർശകനായ ആർ.എൻ. രവിയെ തൃപ്തിപ്പെടുത്താൻ സംഘാടകർ മനപ്പൂർവ്വം തമിഴ് തായ് വാഴ്ത്തിലെ വരി വെട്ടിയെന്ന വിമർശനം പടർന്നു. ദ്രാവിഡനെന്ന വാക്കിനോട് അലർജിയുള്ള ഗവർണർക്ക് ദേശീയഗാനത്തിലെ ദ്രാവിഡ എന്ന പദം ഒഴിവാക്കണമെന്ന് ആവശ്യപ്പെടാൻ ധൈര്യമുണ്ടോയെന്ന ചോദ്യവുമായി സ്റ്റാലിൻ രംഗത്തെത്തി. കൈപൊള്ളുമെന്ന് തിരിച്ചറിഞ്ഞ രാജ്ഭവൻ, ദൂരദർശൻ അധികൃതരോട് വിശദീകരണം തേടി. തമിഴ് ഭാഷയോട് അനാദരവ് ഉദ്ദേശിച്ചില്ലെന്നും പാടിയവരുടെ ശ്രദ്ധക്കുറവെന്ന് വിശദീകരിച്ചും വിവാദം അവസാനിപ്പിക്കാനാണ് ദൂരദർശന്റെ ശ്രമം. 

click me!