'പ്രതിയാണെന്ന് കരുതി വീട് പൊളിക്കുന്നതെങ്ങനെ?' 'ബുൾഡോസർ രാജി'നെതിരെ സുപ്രീംകോടതി

By Web Team  |  First Published Sep 2, 2024, 4:06 PM IST

ദില്ലി ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടി ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും സി യു സിങ്ങും ആണ് കോടതിയെ സമീപിച്ചത്


ദില്ലി: ക്രിമിനൽ കേസ് പ്രതികളുടേതാണെന്ന് കരുതി വീടുകൾ എങ്ങനെ പൊളിച്ചു കളയാനാകുമെന്ന് സുപ്രീംകോടതി. പ്രതിയെന്ന് സംശയിക്കുന്ന ആളുടെയോ കുറ്റക്കാരന്‍റെയോ പോലും വീട് പൊളിക്കാനാവില്ല. നിയമ വിരുദ്ധ നിർമ്മാണങ്ങൾ മാത്രമേ പൊളിച്ചു നീക്കാവൂ. ഇക്കാര്യത്തിൽ മാർഗനിർദ്ദേശം പുറത്തിറക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ദില്ലി ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടി ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും സി യു സിങ്ങും ആണ് കോടതിയെ സമീപിച്ചത്. വീടിന്‍റെ ഉടമയുടെ മകനോ വാടകക്കാരനോ ഉൾപ്പെട്ട കേസിൽപ്പോലും വീടുകൾ തകർത്തെന്ന് ഇരു അഭിഭാഷകരും ചൂണ്ടിക്കാട്ടി. രാജ്യത്തുടനീളം 'ബുൾഡോസർ നീതി' നടപ്പാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതിയുടെ നിർദേശം തേടി. എന്നാൽ  വിഷയം കോടതിക്ക് മുന്നിൽ തെറ്റായി അവതരിപ്പിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

Latest Videos

undefined

നിയമവിരുദ്ധ നിർമാണം ആണെങ്കിൽപ്പോലും ആദ്യം നോട്ടീസ് നൽകണമെന്ന് ബെഞ്ച് വ്യക്തമാക്കി. മറുപടി നൽകാനും നിയമപരമായ പരിഹാരങ്ങൾ തേടാനും സമയം നൽകണം. എന്നിട്ടേ നിർമാണം പൊളിക്കുന്നതിലേക്ക് കടക്കാവൂ. ഇത്തരം പൊളിക്കലിന് കൃത്യമായ നടപടി ക്രമങ്ങൾ വേണം. അനധികൃത നിർമാണങ്ങളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും കോടതി വ്യക്തമാക്കി. പൊതു ഗതാഗതത്തെയും മറ്റും തടസ്സപ്പെടുത്തുന്ന ഒരു നിയമവിരുദ്ധ നിർമാണവും, അത് ക്ഷേത്രമായാൽപ്പോലും പിന്തുണയ്ക്കുന്നില്ലെന്നും ബെഞ്ച് വിശദമാക്കി. സെപ്തംബർ 17 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് പറഞ്ഞ കോടതി പ്രശ്നം പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ തേടി.

മാളിന്‍റെ ഉദ്ഘാടന ദിവസം, ഇരച്ചെത്തിയ ആൾക്കൂട്ടം കടകൾ കൊള്ളയടിച്ചു, കയ്യിൽ കിട്ടിയതെല്ലാം എടുത്തോടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!