ഹെഡ്ഫോൺ ധരിച്ചിരുന്നതിനാൽ മൻരാജിന് ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
ഭോപ്പാൽ: റെയിൽവേ ട്രാക്കിൽ ഹെഡ്ഫോൺ വെച്ച് ഇരുന്ന 20കാരനായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. റെയിൽവേ ട്രാക്കിൽ മൊബൈൽ ഫോണിൽ മുഴുകിയിരിക്കെ ട്രെയിൻ വന്ന് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
ബിബിഎ വിദ്യാർത്ഥിയായ മൻരാജ് തോമറും സുഹൃത്തും റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്നു. മൻരാജിന് എതിർ ദിശയിലായാണ് സുഹൃത്ത് ഇരുന്നത്. മൻരാജ് തോമർ മൊബൈലിൽ എന്തോ കണ്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മൻരാജ് തോമർ ഹെഡ്‌ഫോൺ വെച്ച് ഫോണിൽ എന്തോ സ്‌ക്രോൾ ചെയ്യുകയായിരുന്നുവെന്നും അതിനാൽ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
ട്രെയിൻ തട്ടിയതിന് പിന്നാലെ മൻരാജ് തോമർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൻരാജ് തോമർ മാതാപിതാക്കളുടെ ഏക മകനാണെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തതായും പൊലീസ് അറിയിച്ചു. ബോഡി ബിൽഡിംഗും റീൽ നിർമ്മിക്കുന്നതും മൻരാജിന് ഇഷ്ടമായിരുന്നു എന്നാണ് വിവരം.
READ MORE: ഒല്ലൂരില്‍ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി