നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചലിൽ ബിജെപിക്കും സിക്കിമില്‍ ക്രാന്തികാരി മോര്‍ച്ചയ്ക്കും തുടർഭരണം

By Web Team  |  First Published Jun 2, 2024, 6:59 AM IST

19 സീറ്റുകളില്‍ മത്സരിച്ചെങ്കിലും അരുണാചല്‍പ്രദേശില്‍ ഒറ്റ സീറ്റില്‍ പോലും ലീഡ് നേടാൻ കോണ്‍ഗ്രസിനായില്ല. സിക്കിമിൽ 32 സീറ്റും അരുണാചൽ പ്രദേശിൽ 60 സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം


ദില്ലി: അരുണാചല്‍പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോർച്ചക്കും മികച്ച ഭൂരിപക്ഷത്തോടെ തുടർഭരണം. അരുണാചല്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 45 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ 32ല്‍ 31 സീറ്റുകളിലും ലീഡ് നേടി വൻ വിജയമാണ് സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) നേടിയത്.


തെരഞ്ഞെടുപ്പ് തുടങ്ങും മുന്‍പ് തന്നെ അരുണാചല്‍ പ്രദേശില്‍ എതിരില്ലാതെ പത്ത് സീറ്റുകളില്‍ ബിജെപി വിജയം നേടിയിരുന്നു. ഈ ആത്മവിശ്വാസവുമായാണ് ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെയുള്ളവരായിരുന്നു സംസ്ഥാനത്ത് നിന്ന് എതിരില്ലാതെ വിജയിച്ചത്. 2019 ല്‍ 41 സീറ്റില്‍ വിജയിച്ച ബിജെപി ഈ തെരഞ്ഞെടുപ്പില്‍ അതിന് മുകളിലുള്ള വിജയത്തിലേക്കാണ് ഇപ്പോള്‍ കുതിപ്പ് നടത്തുന്നത്. 

Latest Videos

undefined


രണ്ടാമത് എത്തിയത് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയാണെങ്കിലും ബിജെപി ഏറെ മുന്നിലാണ്. ഇതുവരെ അ‍ഞ്ച് സീറ്റുകളില്‍ മാത്രമാണ് എൻപിപി മുന്നിട്ട് നില്‍ക്കുന്നത്. 19 സീറ്റുകളില്‍ മത്സരിച്ചെങ്കിലും അരുണാചല്‍പ്രദേശില്‍ ഒറ്റ സീറ്റില്‍ പോലും ലീഡ് നേടാൻ കോണ്‍ഗ്രസിനായില്ല. ഒരു സീറ്റില്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ വിജയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മേഖലകളിലും വിജയം നേടി അധികാരികമായാണ് അരുണാചല്‍പ്രദേശില്‍ ബിജെപി തുടർ ഭരണം നേടുന്നത്. 

32 മണ്ഡലങ്ങളുള്ള സിക്കിമില്‍ 27 സീറ്റിലും ലീഡ് നേടി സംസ്ഥാനത്ത് വൻ തരംഗമായിരിക്കുകയാണ് സിക്കിം ക്രാന്തികാരി മോർച്ച. പ്രതിപക്ഷ പാര്‍ട്ടികളെ തകർത്ത് തരിപ്പണമാക്കിയുള്ള വൻ വിജയമാണ്    സിക്കിം ക്രാന്തികാരി മോര്‍ച്ചയുടേത്. 2019ല്‍ 19 സീറ്റുകളില്‍ വിജയിച്ച എസ്കെഎം ഇതിനോടകം 18 സീറ്റുകളില്‍ വിജയം നേടി. 13 സീറ്റുകളില്‍ കൂടി എസ്കെഎം ലീഡ് ചെയ്യുന്നുണ്ട്. പ്രധാന പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്.

കഴിഞ്ഞ തവണ 15 സീറ്റുകളില്‍ വിജയം നേടിയ എസ്‍ഡിഎഫ് എസ്കെഎമ്മിന്‍റെ തേരോട്ടത്തില്‍ തകർന്നടിയുകയായിരുന്നു.  ബിജെപി, കോണ്‍ഗ്രസ് പാർട്ടികള്‍ക്ക് സിക്കിമില്‍ ഒരു സീറ്റ് പോലും നേടാനായില്ല. എൻഡിഎ കക്ഷിയായ എസ് കെ എം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്നണിയില്‍ നിന്ന് പുറത്ത് വന്ന് ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പിന് ശേഷം  വീണ്ടും എൻഡിഎയില്‍ അംഗമാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

എക്സിറ്റ് പോളിൽ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി; ജനം കൈവിട്ടിട്ടില്ലെന്ന വിശ്വാസത്തിൽ പ്രതിപക്ഷ പാര്‍ട്ടികള്‍

 

click me!