ഹൈക്കോടതി വിധി എന്തായാലും സിദ്ധരാമയ്യ രാജിവയ്‌ക്കേണ്ടതില്ല, ആരോപണം സർക്കാരിനെ അസ്‌ഥിരപ്പെടുത്താൻ: കെ ജെ ജോർജ്

By Web TeamFirst Published Sep 3, 2024, 9:17 AM IST
Highlights

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ അഴിമതി കേസ് അന്വേഷിക്കാൻ സിബിഐക്ക് ഗവർണർ അനുമതി നല്കിയ വിഷയത്തിലാണ് മുൻ ആഭ്യന്തര മന്ത്രിയും നിലവിൽ ഊർജ മന്ത്രിയുമായ കെ ജെ ജോർജിന്‍റെ പ്രതികരണം.

ദില്ലി: ഹൈക്കോടതി വിധി എന്തായാലും കർണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവയ്ക്കേണ്ടതില്ലെന്ന് മുതിർന്ന നേതാവും സംസ്ഥാന ഊർജ്ജ മന്ത്രിയുമായ കെ ജെ ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട്. സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഗവർണർ അന്വേഷണത്തിന് അനുമതി നല്കിയതെന്നും സിദ്ധരാമയ്യക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ ജെ ജോർജ് ദില്ലിയിൽ പറഞ്ഞു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ അഴിമതി കേസ് അന്വേഷിക്കാൻ സിബിഐക്ക് ഗവർണർ അനുമതി നല്കിയ വിഷയത്തിലാണ് മുൻ ആഭ്യന്തര മന്ത്രിയും നിലവിൽ ഊർജ മന്ത്രിയുമായ കെ ജെ ജോർജിന്‍റെ പ്രതികരണം. സിദ്ധരാമയ്യ മൈസൂർ നഗര വികസന അതോറിറ്റിയുടെ വിലയേറിയ സ്ഥലം ഭാര്യയുടെ പേരിൽ അനുവദിക്കാൻ ഇടപെട്ടു എന്നാണ് കേസ്. വിഷയം ദേശീയ തലത്തിൽ ബിജെപി ആയുധമാക്കുമ്പോൾ ഇതിൽ കഴമ്പില്ലെന്നാണ് കോൺഗ്രസ് വാദം.

Latest Videos

"രാജിവയ്ക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. ഗവർണർ അനുമതി നൽകിയത് പ്രാഥമിക പരിശോധനയ്ക്ക് മാത്രമാണ്. ഗവർണർ ഇക്കാര്യത്തിൽ ശരിയായ രീതിയിലല്ല തീരുമാനം എടുത്തത് എന്നാണ് ഞങ്ങൾ കരുതുന്നത്. ബിജെപിക്ക് പല കള്ളങ്ങളും പറയുന്ന ശീലമുണ്ട്. ഭൂമി ഇടപാട് നടന്നത് ഞങ്ങൾ ഭരണത്തിലുള്ളപ്പോഴല്ല. ഫയൽ സിദ്ധരാമയ്യ കണ്ടിട്ടില്ല. പിന്നെ എവിടെയാണ് കേസ്?"- കെ ജെ ജോർജ് ചോദിക്കുന്നു.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യയ്ക്കു കാരണം കെ ജെ ജോർജിന്‍റെ സമ്മർദ്ദമാണെന്ന കേസിൽ നേരത്തെ സിബിഐ ക്ളീൻ ചിറ്റ് നല്കിയിരുന്നു. സുപ്രീംകോടതിയും അടുത്തിടെ സിബിഐ റിപ്പോർട്ട് അംഗീകരിച്ചു. ബിജെപി ഉയർത്തുന്ന വിഷയങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നതിന് ഇത് തെളിവാണെന്ന് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗം കൂടിയായ കെ ജെ ജോർജ് വ്യക്തമാക്കി.

'പ്രതിയാണെന്ന് കരുതി വീട് പൊളിക്കുന്നതെങ്ങനെ?' 'ബുൾഡോസർ രാജി'നെതിരെ സുപ്രീംകോടതി

click me!