പരീക്ഷയെഴുതി മികച്ച റാങ്ക് നേടി എസ്.ഐ ആവാൻ തയ്യാറെടുക്കുകയായിരുന്നവർ പൊലീസ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം നടത്തുന്നതിനിടെയാണ് അതേ ചോദ്യ പേപ്പർ കൊടുത്ത് വീണ്ടും ഉത്തരം എഴുതിച്ചത്.
ജയ്പൂർ: രാജസ്ഥാനിൽ സംസ്ഥാന പിഎസ്‍സി വഴി നടത്തിയ പരീക്ഷയിൽ വൻ ക്രമക്കേട് നടത്തിയതായി സംസ്ഥാന പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കണ്ടെത്തി. ഒരു മുൻ പിഎസ്‍സി അംഗത്തെ അറസ്റ്റ് ചെയ്തു. ഇയാളുടെ മകനും മകളും പരീക്ഷയിൽ ആദ്യ റാങ്കുകളിൽ എത്തിയിരുന്നു. 2021ൽ രാജസ്ഥാൻ പി.എസ്.സി നടത്തിയ പൊലീസ് സബ് ഇൻസ്‍പെക്ടർ പരീക്ഷയിലെ ക്രമക്കേടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
2018 മുതൽ 2022 വരെ രാജസ്ഥാൻ പി.എസ്.സി അംഗമായിരുന്ന രാമു റാം റെയ്കയെയാണ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകൾ ശോഭ റെയ്ക (26), മകൻ ദേവേഷ് റെയ്ക (27) എന്നിവർക്ക് പുറമെ മറ്റ് എസ്.ഐ ട്രെയിനികളായ മഞ്ജു ദേവി (30), അവിനാഷ് പൽസാനിയ (28), വിജേന്ദ്ര കുമാർ (41) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. എല്ലാവരെയും സെപ്റ്റംബർ ഏഴാം തീയ്യതി വരെ കോടതി റിമാൻഡ് ചെയ്തു. ഇവർക്കെല്ലാം പിഎസ്‍സി അംഗമായ രാമു റാം റെയ്കയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് സൂചന. 2022ൽ നടന്ന സീനിയർ ടീച്ചർ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ കഴിഞ്ഞ വർഷം മറ്റൊരു പി.എസ്.സി അംഗമായ ബി.എൽ കതാരയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് രാമു റാം റെയ്കയുടെ വഴിവിട്ട സഹായവും പുറത്തുവന്നത്.
undefined
2021ലെ എസ്.ഐ പരീക്ഷയിൽ ഏറ്റവും ഉയർന്ന റാങ്കുകൾ വാങ്ങിയ ഉദ്യോഗാർത്ഥികളെ വീണ്ടും പരീക്ഷയെഴുതിച്ചപ്പോൾ വളരെ കുറവ് മാർക്കുകളാണ് ഇവർക്ക് ലഭിച്ചത്. രാമു റാം റെയ്കയുടെ മകൾ ശോഭയ്ക്ക് അഞ്ചാം റാങ്കും മകൻ ദേവേഷിന് നാൽപതാം റാങ്കുമാണ് ആദ്യത്തെ പരീക്ഷയിൽ കിട്ടിയിരുന്നത്. ശോഭയ്ക്ക് ഹിന്ദി പരീക്ഷയ്ക്ക് 200ൽ 188.64 മാർക്കും പൊതുവിജ്ഞാനത്തിൽ 154.84 മാർക്കും ലഭിച്ചിരുന്നു. വീണ്ടും എഴുതിയപ്പോൾ മാർക്കുകൾ 24ഉം 34ഉം ആയി കുറഞ്ഞു. ആകെ 343.52 മാർക്ക് നേടി റാങ്ക് ലിസ്റ്റിൽ അഞ്ചാമതായി ഇടംപിടിച്ച ശോഭ റീടെസ്റ്റിൽ ദയനീയമായി പരാജയപ്പെട്ടുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിന് പുറമെ ശോഭയെ ഇന്റർവ്യൂ ചെയ്ത പാനലിൽ അച്ഛനും ഉണ്ടായിരുന്നു. ഈ അഭിമുഖ പരീക്ഷയിൽ 50ൽ 34 മാർക്ക് മകൾക്കും 28 മാർക്ക് മകനും ലഭിക്കുകയും ചെയ്തു. നിലവിൽ രാജസ്ഥാൻ പൊലീസ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം നടത്തുന്ന എസ്.ഐ ട്രെയിനികൾക്ക് എല്ലാവർക്കും അവർ പി.എസ്.സി പരീക്ഷയെഴുതിയ അതേ ചോദ്യപേപ്പർ വീണ്ടും നൽകി ഉത്തരം എഴുതിപ്പിക്കുകയായിരുന്നു പ്രത്യേക അന്വേഷണ സംഘം. നെഗറ്റീവ് മാർക്ക് ഒഴിവാക്കിയിട്ട് പോലും പലരുടെയും പ്രകടനം ദയനീയമായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
11-ാം റാങ്ക് നേടിയ മഞ്ജു ദേവിക്ക് ഹിന്ദിയിൽ 52ഉം പൊതുവിജ്ഞാനത്തിൽ 71ഉം മാർക്കുകളാണ് നേടാനായത്. ആദ്യ പരീക്ഷയിൽ 183.75ഉം 167.89ഉം ആയിരുന്നു ഇവരുടെ മാർക്കുകൾ. വിജേന്ദ്ര കുമാറിന് ആദ്യ പരീക്ഷയിൽ ഹിന്ദിക്ക് 168.28ഉം പൊതുവിജ്ഞാനത്തിൽ 157.59ഉം മാർക്ക് ഉണ്ടായിരുന്നെങ്കിൽ പുനഃപരീക്ഷയിൽ ഇത് 49ഉം 62ഉം ആയി കുറഞ്ഞു. പലർക്കും അടിസ്ഥാന പൊതുവിജ്ഞാന ചോദ്യങ്ങൾ പോലും അറിയില്ലായിരുന്നത്രെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം