'പ്രതിയെ വെടിവെച്ച് കൊല്ലുക, അല്ലെങ്കില്‍ എന്നെ വെടിവെയ്ക്കുക'; പോലീസിനോട് ഇന്‍ഡോർ കൂട്ട ബലാത്സംഗക്കേസിലെ ഇര

By Web TeamFirst Published Sep 13, 2024, 11:59 AM IST
Highlights

കേസുമായി ബന്ധപ്പെട്ട് നിലവിൽ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് അറിയിച്ചു. 

പാറ്റ്‌ന: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഴിഞ്ഞ ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയുടെ മൊഴി രേഖപ്പെടുത്താനാകാതെ പോലീസ്. യുവതി ഇനിയും ഞെട്ടലില്‍ നിന്ന് മോചിതയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സ്ത്രീയായതിനാല്‍ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പം നേരിടുന്നുണ്ട്. 'പ്രതിയെ വെടിവെച്ച് കൊല്ലുക, അല്ലെങ്കില്‍ എന്നെ വെടിവെയ്ക്കുക' എന്ന് മാത്രമാണ് യുവതി പോലീസിനോട് പറയുന്നത്. 

കുറ്റക്കാരെ എത്രയും വേഗത്തില്‍ കണ്ടെത്തുമെന്നും യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ പല വഴികളും പരീക്ഷിച്ചെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്വാഭാവിക നിലയിലേയ്ക്ക് തിരിച്ചെത്തിയ ശേഷം മാത്രമേ ഇനി യുവതിയുടെ മൊഴി രേഖപ്പെടുത്തൂവെന്ന് ഇന്‍ഡോര്‍ റൂറല്‍ പോലീസ് സൂപ്രണ്ട് ഹിതിക വാസല്‍ വ്യക്തമാക്കി. മൊഴി രേഖപ്പെടുത്താനായി യുവതി സുഖം പ്രാപിക്കുന്നത് വരെ കാത്തിരിക്കും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന മൂന്ന് പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ഹിതിക വാസല്‍ അറിയിച്ചു. 

Latest Videos

രണ്ട് യുവ സൈനിക ഉദ്യോഗസ്ഥരും അവരുടെ രണ്ട് വനിതാ സുഹൃത്തുക്കളും ബുധനാഴ്ച രാത്രി 11 മണിയോടെ ജാം ഗേറ്റിന് സമീപമുള്ള സൈന്യത്തിന്റെ ഫയറിംഗ് റേഞ്ചിലേക്ക് പോയതായി എഫ്‌ഐആറില്‍ പറയുന്നു. പുലര്‍ച്ചെ 2.30 ഓടെ അജ്ഞാത സംഘം വടികളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൊന്നുകളയും എന്ന് അക്രമി സംഘം ഭീഷണിപ്പെടുത്തി. ഇവരില്‍ ഒരാളുടെ പക്കല്‍ പിസ്റ്റള്‍ ഉണ്ടായിരുന്നു. മുഖം മറച്ചെത്തിയ സംഘത്തിലെ അംഗങ്ങള്‍ക്ക് 20നും 35നും ഇടയില്‍ പ്രായം തോന്നിക്കുമെന്നും എഫ്‌ഐആറില്‍ പറയുന്നു. 

രണ്ട് സൈനിക ഉദ്യോഗസ്ഥർക്കൊപ്പം പിക്നിക്കിന് എത്തിയ യുവതിയെ ഒരു സംഘം സായുധരായ അക്രമികൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷമാണ് സംഘം ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട് വനിത സുഹൃത്തുക്കളിൽ ഒരാളെ കൂട്ടബലാത്സംഗം ചെയ്തത്. ആർമി വാർ കോളേജിൽ പരിശീലനം നടത്തുന്ന രണ്ട് മേജർ റാങ്ക് ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്.  ഇവരുടെ പേഴ്‌സുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അക്രമികൾ കവർന്നു. 

ഒരു സൈനികനെയും വനിത സുഹൃത്തിനെയും അക്രമികൾ ബന്ദികളാക്കിയിരുന്നു. തുടർന്ന് ഇവരെ വിട്ടയക്കാൻ 10 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഈ തുക എത്തിക്കാനായി ഇവരുടെ സുഹൃത്തായ സൈനിക ഉദ്യോഗസ്ഥനെയും വനിത സുഹൃത്തിനെയും അക്രമികൾ വിട്ടയക്കുകയും ചെയ്തു. ഈ സംഭവം തന്റെ കമാൻഡിംഗ് ഓഫീസറെ സൈനികൻ അറിയിച്ചു. തുടർന്ന് അദ്ദേഹം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ത്രീകളിൽ ഒരാളെ അക്രമികൾ കൂട്ട ബലാത്സംഗം ചെയ്തതായി മെഡിക്കൽ റിപ്പോർട്ടിൽ കണ്ടെത്തുകയും ചെയ്തു. അറസ്റ്റിലായ മൂന്ന് പേരും മുമ്പും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. 

READ MORE: അമ്മവീട്ടിൽ വിരുന്നിനെത്തിയ 12കാരിക്ക് പീഡനം, മഞ്ചേരിയിൽ 42കാരനായ ബന്ധുവിന് 18 വർഷം കഠിന തടവും പിഴയും

click me!