പ്രജ്വലിന് നിർണായകം; ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍, നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടിയുമായി കേന്ദ്രം

By Web Team  |  First Published May 31, 2024, 6:21 AM IST

പ്രജ്വലിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകും


ബെംഗളൂരു: ലൈംഗികാതിക്രമക്കേസുകളിൽ അറസ്റ്റിലായ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ബെംഗളുരുവിൽ ജനപ്രതിനിധികളുടെ കേസുകൾ കേൾക്കുന്ന പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. നേരത്തേ പ്രജ്വൽ കോടതിയിൽ മുൻകൂ‍ർ ജാമ്യാപേക്ഷ നൽകി അടിയന്തരവാദം കേൾക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും കോടതി ഈ ആവശ്യം നിരസിച്ചിരുന്നു.

ജാമ്യം നൽകിയാൽ പ്രജ്വൽ ഇരകളെ ഭീഷണിപ്പെടുത്തും എന്നതടക്കമുള്ള വാദങ്ങളുയർത്തി പ്രത്യേക അന്വേഷണസംഘം ജാമ്യത്തെ എതിർത്ത് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമായിരിക്കും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പ്രജ്വലിനായി അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകും.

Latest Videos

undefined

ഇതിനിടെ, പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ നടപടി തുടങ്ങിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രജ്വലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും പത്തു ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മ്യൂണിക്കിൽ നിന്ന് ബെംഗളുരുവിൽ അർദ്ധരാത്രിയോടെ എത്തിയ പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 34 ദിവസത്തെ ഒളിവ് ജീവിതത്തിനൊടുവിൽ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുമെന്ന സമ്മർദ്ദം കടുത്തതോടെയാണ് പ്രജ്വലിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. പ്രതീക്ഷിച്ചതിലും 20 മിനിറ്റ് വൈകി അർദ്ധരാത്രി 12.46-ഓടുകൂടിയാണ് പ്രജ്വൽ രേവണ്ണ സഞ്ചരിച്ച ലുഫ്താൻസ വിമാനം (LH0764) ബെംഗളുരു വിമാനത്താവളത്തിന്‍റെ അന്താരാഷ്ട്ര ടെർമിനലിൽ ലാൻഡ് ചെയ്തത്.മ്യൂണിക്കിൽ നിന്ന് ബോർഡ് ചെയ്തെന്ന വിവരം കിട്ടുന്നത് വരെ പ്രജ്വൽ വരുമോ ഇല്ലയോ എന്നതിൽ അന്വേഷണസംഘത്തിനും വലിയ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. 

പ്രജ്വൽ വിമാനത്തിൽ കയറിയെന്നുറപ്പായതോടെ എസ്ഐടിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ ബി പന്നേക്കറുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘം വിമാനത്താവളത്തിലെത്തി. ഇമിഗ്രേഷൻ പോയന്‍റിൽ പ്രജ്വലിനെ കാത്തു നിന്നു. ലാൻഡ് ചെയ്ത് പുറത്തേക്ക് വന്ന പ്രജ്വലിനെ ഇമിഗ്രേഷൻ പോയന്‍റിൽ വച്ച് തന്നെ സിഐഎസ്‍എഫ് തടഞ്ഞു. തുടര്‍ന്ന് എസ്ഐടി ഉദ്യോഗസ്ഥർക്ക് കൈമാറി.

അന്താരാഷ്ട്ര ടെർമിനലിന് പുറത്ത് കാത്തുനിന്ന മാധ്യമങ്ങളെ പ്രജ്വലിനെ കാണിക്കാതെ ആഭ്യന്തരടെർമിനലിലൂടെ പുറത്തേക്ക് കൊണ്ടുവന്ന് പാലസ് റോഡിലെ എസ്ഐടി ഓഫീസിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്നിലും പിന്നിലുമായി മൂന്ന് വനിതാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എസ്ഐടി ഓഫീസിലെത്തിച്ച പ്രജ്വലിനെ ഇന്ന് പ്രാഥമികമായി ചോദ്യം ചെയ്ത് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.

പ്രജ്വൽ രേവണ്ണ അറസ്റ്റിലായ ദിവസം നാഗർഹോളെയിൽ അവധിയാഘോഷിച്ച് എച്ച്ഡി കുമാരസ്വാമിയും കുടുംബവും

 

click me!