ലഹരിമരുന്ന് കേസ്; നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം, തെളിവുകളില്ലെന്ന് കോടതി, സഹോദരന് ജാമ്യമില്ല

By Web Team  |  First Published Oct 7, 2020, 9:29 PM IST

ശക്തമായ തെളിവുകളുടെ അഭാവത്തിലും കടുത്ത വകുപ്പുകള്‍ ചുമത്തി റിയയെ ബൈക്കുള സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നടപടിക്കുള്ള കടുത്ത തിരിച്ചടിയായി കോടതിയുടെ തീരുമാനം.


മുംബൈ: ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. ബോബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. റിയ ലഹരി മാഫിയയില്‍ അംഗമാണെന്ന് പറയാന്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പക്കല്‍ തെളിവുകളൊന്നുമില്ലെന്ന് കോടതി പറഞ്ഞു. നടിക്കെതിരെ ചുമത്തിയ കടുത്ത വകുപ്പുകളും നിലനില്‍ക്കില്ല. എന്നാല്‍ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിക്ക് ജാമ്യമില്ല

28 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് റിയ പുറത്തിറങ്ങിയത്. ശക്തമായ തെളിവുകളുടെ അഭാവത്തിലും കടുത്ത വകുപ്പുകള്‍ ചുമത്തി റിയയെ ബൈക്കുള സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നടപടിക്കുള്ള കടുത്ത തിരിച്ചടിയായി കോടതിയുടെ തീരുമാനം.

Latest Videos

undefined

ജാമ്യം അനുവദിക്കാന്‍ കോടതി കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെ...

  • റിയയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ജാമ്യത്തിലിറങ്ങിയാല്‍ എന്തെങ്കിലും കുറ്റം ചെയ്യുമെന്ന് വിശ്വസിക്കാനാകില്ല.
  • ലഹരി കടത്തിന് വന്‍തോതില്‍ ഫണ്ടിംഗ് നടത്തുന്നതിന് ചുമത്തുന്ന എന്‍ഡിപിഎസ് ആക്ടിലെ 27എ വകുപ്പ് നിലനില്‍ക്കില്ല. ഉപയോഗിക്കാനായി ചെറിയ അളവില്‍ ലഹരി വാങ്ങുന്നതിനെ ലഹരി മാഫിയയുമായി താരതമ്യം ചെയ്യുന്നതെങ്ങനെ?
  • റിയയുടേയോ സുശാന്തിന്റെയോ ഫ്‌ളാറ്റുകളില്‍ നിന്ന് ലഹരി വസ്തുക്കളൊന്നും പിടിച്ചിട്ടില്ല. വന്‍ തോതില്‍ ലഹരി കടത്തോ ഉപയോഗമോ ഉള്‍പെട്ട കേസല്ല ഇത്
  • സെലിബ്രിട്ടികളോ റോള്‍ മോഡലുകളോ ആയ ആളുകള്‍ തെറ്റ് ചെയ്താല്‍ കടുത്ത സമീപനം വേണമെന്ന് അന്വേഷണ സംഘത്തിനായി ഹാജരായ അറ്റോര്‍ണി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് കോടതി ഓര്‍മിപ്പിച്ചു.
  • ചോദ്യം ചെയ്യലിനോട് റിയ പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും കസ്റ്റഡി പോലും വേണ്ടെന്നും അന്വേഷണ സംഘം തന്നെ കോടതിയെ അറിയിച്ചതാണ്. പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്നോ സാക്ഷികളെ സ്വാധിനിക്കുമെന്നോ പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും കോടതി

റിയയ്ക്ക് ജാമ്യം കൊടുത്തതിനെ താപ്‌സി പന്നുവും ഫര്‍ബാന്‍ അക്തറുമടക്കമുള്ള ബോളിവുഡ് താരങ്ങള്‍ സ്വാഗതം ചെയ്തു. സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്ത്, മാനേജര്‍ സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഷൗവിക് ചക്രബര്‍ത്തി, ലഹരി ഇടപാടുകാരന്‍ ബാസിത്ത് പരിഹാര്‍ എന്നിവര്‍ക്കാണ് ഇന്ന് ജാമ്യം നിഷേധിച്ചത്. സുശാന്തിന് വേണ്ടി ഷോവിക്ക് ഇടപാടുകാരില്‍ നിന്ന് നേരിട്ട് മയക്കുമരുന്ന് വാങ്ങി നല്‍കിയതിന് തെളിവുകള്‍ എന്‍സിബി ഹാജരാക്കിയിരുന്നു.

click me!