സ്വകാര്യഭാ​ഗത്തും തല ചുമരിലിടിച്ചും നെഞ്ചിൽ ചവിട്ടിയും ക്രൂരമര്‍ദനം; രേണുകസ്വാമി നേരിട്ടത് കണ്ണില്ലാത്ത ക്രൂരത

By Web TeamFirst Published Sep 9, 2024, 6:36 PM IST
Highlights

ആരാധകനായിരുന്ന രേണുകാസ്വാമിയെ ക്രൂരമർദ്ദനത്തിനാണ് ദർശനും സംഘവും ഇരയാക്കിയതെന്ന് നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
 

ബെം​ഗളൂരു: കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ പ്രതിയായ രേണുകാസ്വാമി കൊലക്കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. കുറ്റപത്രത്തിലെ വിശദാംശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ദർശൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിവരങ്ങൾ പുറത്ത് വന്നത്. ആരാധകനായിരുന്ന രേണുകാസ്വാമിയെ ക്രൂരമർദ്ദനത്തിനാണ് ദർശനും സംഘവും ഇരയാക്കിയതെന്ന് നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

കന്നഡ സിനിമാലോകം മാത്രമല്ല, രാജ്യം തന്നെ ഞെട്ടിയ കൊലപാതകമായിരുന്നു ജൂൺ എട്ടാം തീയതി ബെംഗളുരുവിൽ നടന്നത്. സമൂഹത്തിന്‍റെ മുഖ്യധാരയിൽ, ഉന്നതസ്ഥാനം വഹിക്കുന്ന, സാൻഡൽവുഡ് ജനപ്രിയസിനിമകളിലെ സൂപ്പർതാരമായ ദർശൻ തൂഗുദീപ തന്‍റെ ആരാധകനെ തല്ലിക്കൊന്ന് മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ തള്ളി. ഒരു അജ്ഞാതമൃതദേഹം കണ്ടെത്തിയെന്ന വാർത്തയിൽ പ്രാദേശികമാധ്യമങ്ങളിൽ അവസാനിക്കേണ്ട സംഭവം പുറത്തെത്തിയത് ഗുണ്ടാസംഘത്തിനുള്ളിൽ തർക്കം മൂലമായിരുന്നു.

Latest Videos

മൃതദേഹം ഉപേക്ഷിക്കാൻ ദർശൻ നൽകിയ തുക വീതം വയ്ക്കുന്നതിലും താരത്തിൽ നിന്ന് കൂടുതൽ തുക ചോദിച്ച് വാങ്ങുന്നതിലുണ്ടായ തർക്കത്തിനുമൊടുവിലാണ് ഗുണ്ടാ സംഘത്തിലെ ചിലർ പൊലീസിന് മുമ്പാകെ കീഴടങ്ങി കൊലപാതകവിവരം തുറന്ന് പറയുന്നത്. ജൂൺ 8-നുണ്ടായ സംഭവങ്ങൾ നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ വിവരിക്കുന്നതിങ്ങനെ. 

ചിത്രദുർഗയിൽ നിന്ന് ആരാധകനായ രേണുകാസ്വാമിയെ വിളിച്ച് വരുത്തി സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഷെഡ്ഡിലെത്തിച്ച ഗുണ്ടാസംഘം ദർശനെ വിവരമറിയിച്ചു. പങ്കാളിയായ പവിത്ര ഗൗഡയെ കൂട്ടി സ്ഥലത്തെത്തിയ ദർശൻ രേണുകാസ്വാമിയെ ക്രൂരമായി മർദ്ദിച്ചു. തല ചുവരിന് ഇടിച്ചു. ഇത് തലച്ചോറിന് മാരകമായ ക്ഷതമേൽപ്പിച്ചു. നെഞ്ചിനും കഴുത്തിനും വയറ്റിനും ചവിട്ടി. ആന്തരികാവയവങ്ങൾക്ക് മാരകമായ പരിക്കേൽപിച്ചു.

സ്വകാര്യഭാഗങ്ങളിൽ ഗുരുതരമായ മർദ്ദനമേൽപ്പിച്ച ദർശൻ പവിത്രയോടും രേണുകാസ്വാമിയെ മർദ്ദിക്കാൻ നിർദേശിച്ചു. ചെരിപ്പ് കൊണ്ട് രേണുകാസ്വാമിയെ തല്ലിയ പവിത്ര ഗുണ്ടാസംഘത്തോട് തന്‍റെ മുന്നിലിട്ട് രേണുകാസ്വാമിയെ മർദ്ദിക്കാൻ പറഞ്ഞു. രേണുകാസ്വാമി മരിച്ചെന്നുറപ്പായപ്പോൾ മൃതദേഹം ഉപേക്ഷിക്കാൻ കൂട്ടുപ്രതികൾക്ക് ദർശൻ നൽകിയത് 30 ലക്ഷം രൂപയാണ്.

രേണുകാസ്വാമിയുടെ രക്തത്തിന്‍റെ അംശം ദർശന്‍റെയും പവിത്രയുടെയും കൂട്ട് പ്രതികളുടെയും വസ്ത്രങ്ങളിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ബെംഗളുരു പരപ്പന അഗ്രഹാര ജയിലിൽ ദർശന് വിഐപി പരിചരണം ലഭിക്കുന്നുവെന്നതിന് തെളിവ് സഹിതം വിവരങ്ങൾ പുറത്ത് വന്നത് വലിയ വിവാദമായതോടെ കുരുക്കിലായ കർണാടക സർക്കാർ താരത്തെ ബെല്ലാരി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

click me!