'യാഗി' പ്രഭാവം ഇന്ത്യയിലേക്കും, ന്യൂനമർദ്ദ സൂചനകളുമായി കാലാവസ്ഥാ വിദഗ്ധർ

By Web TeamFirst Published Sep 14, 2024, 2:40 PM IST
Highlights

ബംഗാൾ ഉൾക്കടലിലെ ചൂടേറിയ സമുദ്രജലം ഇത്തരം ചുഴലിക്കാറ്റുകൾ രൂപം കൊള്ളാൻ അനുയോജ്യമായ അന്തരീക്ഷമാണ്. അതിനാൽ തന്നെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, വടക്കൻ ഒഡിഷ, ബിഹാർ എന്നിവിടങ്ങളിൽ 72 മണിക്കൂർ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്

ദില്ലി: വിയറ്റ്നാമിനെ ദുരിതത്തിലാക്കിയ യാഗി കൊടുങ്കാറ്റിന്റെ പ്രഭാവം ഇന്ത്യയിലേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദത്തിനുള്ള സാധ്യതയേറ്റി യാഗി കൊടുങ്കാറ്റിന്റെ പ്രഭാവം. അടുത്ത കാലത്തായി കാലാവസ്ഥാ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കിഴക്കേന്ത്യയിലെ കാലാവസ്ഥാ നിരീക്ഷകരുടേതാണ് മുന്നറിയിപ്പ്. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, വടക്കൻ ഒഡിഷ എന്നിവിടങ്ങളിൽ ലഭിച്ചിരുന്ന മഴ ശക്തമാകാൻ ന്യൂനമർദ്ദം കാരണമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വടക്ക് പടിഞ്ഞാറൻ പസഫിക് കടലിൽ രൂപം കൊണ്ട കൊടുങ്കാറ്റായ യാഗി ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിച്ചതോടെ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചൂടേറിയ സമുദ്രജലം ഇത്തരം ചുഴലിക്കാറ്റുകൾ രൂപം കൊള്ളാൻ അനുയോജ്യമായ അന്തരീക്ഷമാണ്. അതിനാൽ തന്നെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, വടക്കൻ ഒഡിഷ, ബിഹാർ എന്നിവിടങ്ങളിൽ 72 മണിക്കൂർ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. 

Latest Videos

പശ്ചിമ പസഫിക് മേഖലയിലെല്ലാം തന്നെ ന്യൂന മർദ്ദം സൃഷ്ടിച്ചാണ് യാഗി കൊടുങ്കാറ്റ് വരുന്നത്. സമുദ്രോപരിജലത്തിലെ അന്തരീക്ഷ നില യാഗിയെ എത്തരത്തിൽ സ്വാധീനിക്കുമെന്നത് ആശങ്കയോടെയാണ് കാലാവസ്ഥാ വിദഗ്ധർ നിരീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദില്ലിയിലും പരിസര മേഖലകളിലും മഴ  ലഭിച്ചിരുന്നു. ഇന്ന് മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കാനുള്ള സാധ്യതകളുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏഷ്യയിൽ ഈ വർഷമുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി വിയറ്റ്നാമിൽ 152 പേരുടെ മരണത്തിന് കാരണമായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!