'പ്രതികളിൽ 2 പേർക്ക് ഐഎസുമായി ബന്ധം, ബിജെപി ഓഫീസും ലക്ഷ്യമിട്ടിരുന്നു'; രാമേശ്വരം കഫേ സ്ഫോടനക്കേസിൽ കുറ്റപത്രം

By Web TeamFirst Published Sep 9, 2024, 5:21 PM IST
Highlights

മുസ്സവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിൽ നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മുസ്സവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. പ്രതികൾ ബെംഗളൂരുവിലെ ബിജെപി ഓഫീസ് ലക്ഷ്യമിട്ടിരുന്നു എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ബെംഗളൂരുവിലെ ബിജെപി ഓഫീസിൽ അയോധ്യയിലെ പ്രതിഷ്ഠാദിനം ബോംബ് സ്ഫോടനം നടത്താൻ പ്രതികൾ ശ്രമിച്ചെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. അന്ന് ബോംബ് സ്ഥാപിക്കാൻ കഴിഞ്ഞില്ല, കൃത്യം നടത്താനാകാതെ പ്രതികൾ മടങ്ങി. പിന്നീടാണ് ബ്രൂക്സ് ഫീൽഡിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടത്തിയതെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. ‌

ഡാർക് വെബ് വഴിയാണ് പ്രതികൾ വ്യാജ ഐഡി ഉണ്ടാക്കിയത്. ഇന്ത്യൻ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും വ്യാജ പേരിൽ ഉണ്ടാക്കിയാണ് പ്രതികൾ പണമിടപാട് നടത്തിയതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇവർക്ക് ഇന്ത്യൻ തിരിച്ചറിയൽ രേഖകൾക്ക് പുറമേ ബംഗ്ലാദേശി ഐഡികളും ഉണ്ടായിരുന്നു. ഇവർക്ക് തീവ്രവാദ പ്രവർത്തനത്തിനുള്ള പണം ലഭിച്ചിരുന്നത് ക്രിപ്റ്റോ കറൻസികൾ വഴിയാണ്. ടെലിഗ്രാം വഴിയുള്ള പിടുപി പ്ലാറ്റ്‍ഫോമുകൾ ഉപയോഗിച്ചാണ് പണം മറ്റ് കറൻസികളിൽ നിന്ന് ഇന്ത്യൻ രൂപയാക്കി മാറ്റിയത്. പ്രതികളിൽ രണ്ട് പേർ ഐഎസുമായി ബന്ധമുള്ളവരാണ്. ഒന്നാം പ്രതി മുസ്സവിർ ഹുസൈൻ ഷാസിബാണ് കഫേയിൽ ബോംബ് സ്ഥാപിച്ചത്. 2020-ൽ അൽ-ഹിന്ദ് തീവ്രവാദ മൊഡ്യൂളിന്‍റെ അറസ്റ്റിന് ശേഷം അബ്ദുൾ മത്തീൻ താഹയോടൊപ്പം ഒളിവിൽ പോയ ആളാണ് ഷാസിബെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. 

Latest Videos

ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായിട്ടാണ് താഹയും ഷാസിബും തീവ്രവാദ പ്രവർത്തനത്തിലേക്ക് എത്തിയത്. ശിവമൊഗ്ഗ സ്വദേശികളായ ഷാസിബും താഹയും ചേർന്നാണ് മാസ് മുനീറിനെയും മുസമ്മിൽ ഷെരീഫിനെയും തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിച്ചത്. ബെംഗളൂരു ലഷ്കർ മൊഡ്യൂൾ കേസിലെ പ്രതികളും കഫേ സ്ഫോടനക്കേസ് പ്രതികളും അടുത്ത ബന്ധം പുലർത്തിയിരുന്നു. സൗത്ത് ഇന്ത്യയിലെ ഐസിസ് അമീർ എന്ന് അറിയപ്പെടുന്ന ഖാജ മൊഹിയിദ്ദീനുമായും ഇവർ കൂടിക്കാഴ്ച നടത്തിയെന്നും കുറ്റപത്രത്തിൽ എൻഐഎ പറയുന്നു. കഴിഞ്ഞ മാർച്ച് 1-നാണ് ബെംഗളൂരുവിലെ വൈറ്റ് ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 9 പേർക്ക് പരിക്കേറ്റു. കഫേയുടെ ഒരു ഭാഗം പൂർണമായി തകർന്നു.

click me!