തമിഴ് നാട്ടിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം; ​ഗവർണർക്ക് ​'ഗോ ബാക്ക്', മോദിക്ക് കത്തയച്ച് സ്റ്റാലിൻ

By Web TeamFirst Published Oct 18, 2024, 4:40 PM IST
Highlights

ഹിന്ദിയിൽ സ്വാഗതപ്രസംഗം തുടങ്ങിയ ​ഗവർണർ തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിൽ ഹിന്ദിക്ക് വലിയ സ്വീകാര്യത ഉണ്ടെന്ന് പറഞ്ഞു. തന്നേക്കാൾ നന്നായി ഹിന്ദി സംസാരിക്കുന്നവർ ആണ്‌ തമിഴ്നാട്ടിലെ വിദ്യാർഥികൾ. തമിഴ്നാട്ടിൽ എത്തിയപ്പോൾ ആണ്‌ തന്റെ തെറ്റിധാരണ മാറിയത്. 

ചെന്നൈ: ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രാദേശിക ഭാഷകൾക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തിൽ പറയുന്നു. ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ വിദ്യാർത്ഥി വിഭാഗം രം​ഗത്തെത്തി. ഗവർണർക്കെതിരെ മുദ്രാവാക്യം വിളികളും ഉണ്ടായി. ​ഗവർണർ ​ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു പ്രതിഷേധം.  

പ്രതിഷേധത്തിനിടെ, ചെന്നൈ ദൂരദർശനിലെ പരിപാടി തുടങ്ങി. പരിപാടിയിൽ ഗവർണർ ആർഎൻ രവി പങ്കെടുത്ത് സംസാരിക്കുകയാണ്. ഹിന്ദിയിൽ സ്വാഗതപ്രസംഗം തുടങ്ങിയ ​ഗവർണർ തമിഴ്നാട്ടിലെ ജനങ്ങൾക്കിടയിൽ ഹിന്ദിക്ക് വലിയ സ്വീകാര്യത ഉണ്ടെന്ന് പറഞ്ഞു. തന്നേക്കാൾ നന്നായി ഹിന്ദി സംസാരിക്കുന്നവർ ആണ്‌ തമിഴ്നാട്ടിലെ വിദ്യാർഥികൾ. തമിഴ്നാട്ടിൽ എത്തിയപ്പോൾ ആണ്‌ തന്റെ തെറ്റിധാരണ മാറിയത്. അടിച്ചേല്പിക്കേണ്ട ഭാഷയല്ല ഹിന്ദി. സ്വാതന്ത്ര്യത്തിന് ശേഷവും ഇംഗ്ലീഷ് ഭാഷയുടെ അടിമകളായി നമ്മൾ തുടർന്നു. തമിഴ്നാടിനെ ഇന്ത്യയിൽ നിന്ന് മാറ്റിനിർത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. തമിഴ്നാട്ടിലെ സർവകലാശലകളിൽ നിന്ന് സംസ്‌കൃതം ഒഴിവാക്കി. ഇതു വിഘടനവാദികളുടെ അജണ്ടയാണ്. ഭാരതത്തെ തകർക്കാൻ കഴിയില്ലെന്ന് അവർ മനസിലാക്കണം. തമിഴ്നാട് ഇന്ത്യയുടെ സാംസ്കാരിക -ആധ്യാത്മിക തലസ്ഥാനമാണ്. വിഘടനവാദ നയങ്ങൾക്ക് ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു.

Latest Videos

തമിഴിന്റെ പ്രചാരണത്തിനായി ഏറ്റവും കൂടുതൽ അധ്വാനിച്ചത് മോദിയാണ്. തമിഴ് ഭാഷയെ മുതലെടുത്തുള്ള രാഷ്ട്രീയം വിജയിക്കില്ല. മലയാളത്തിന് പോലും പ്രവേശനം അനുവദിക്കാത്ത സംസ്ഥാനം ആണ്‌ തമിഴ്നാട്. മദ്രാസ് സംസ്ഥാനം ആയിരുന്നപ്പോൾ ആശയവിനിമയത്തിന് തടസ്സം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് തമിഴ്നാടിനെ അകറ്റി നിർത്തുന്നു. തമിഴ്നാടിന്റെ ചരിത്രത്തെ അവഹേളിക്കുകയാണ് അവരെന്നും പറഞ്ഞ ഗവർണർ തമിഴ് ഭാഷാവാദത്തിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. 

അമിത പലിശ ഈടാക്കുന്നു, നാല് എൻബിഎഫ്‌സി സ്ഥാപനങ്ങളുടെ ചെവിക്ക് പിടിച്ച് ആർബിഐ, വിലക്കേർപ്പെടുത്തി

https://www.youtube.com/watch?v=Ko18SgceYX8

click me!