കോൺഗ്രസ് സമ്പത്ത് തട്ടിയെടുക്കുമെന്നും തട്ടിയെടുക്കുന്ന സമ്പത്ത് ആർക്ക് നൽകുമെന്ന് താൻ പറയണോയെന്നും മോദി ചോദിച്ചു
റായ്‌പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പ്രകടന പത്രികയിലുള്ളത് മുസ്ലിം ലീഗിന്റെ ആശയങ്ങളാണെന്നും എസ്‌സി-എസ്‌ടി സംവരണം ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ആരോപിച്ച അദ്ദേഹം കോൺഗ്രസ് രാജ്യത്ത് സാമൂഹിക സമത്വം തകർത്തുവെന്നും കുറ്റപ്പെടുത്തി. ഛത്തീസ്‌ഗഡിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ.ബി.ആര്‍.അംബേദ്‌കറിന്റെ വാക്കുകൾക്ക് കോൺഗ്രസ് ഒരു വിലയും നൽകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് സമ്പത്ത് തട്ടിയെടുക്കുമെന്നും തട്ടിയെടുക്കുന്ന സമ്പത്ത് ആർക്ക് നൽകുമെന്ന് താൻ പറയണോയെന്നും അദ്ദേഹം ചോദിച്ചു. പാരമ്പര്യ സ്വത്ത് പോലും അനന്തരാവകാശികൾക്ക് നൽകില്ലെന്ന് കോൺഗ്രസ് പറഞ്ഞ് സാം പിത്രോദയുടെ പ്രസ്താവനയും മോദി ആയുധമാക്കി. പാരമ്പര്യ സ്വത്തിന് നികുതി ഏർപ്പെടുത്തുമെന്ന് കോൺഗ്രസ് പറയുന്നു. കുടുംബനാഥന്റെ മരണത്തിന് ശേഷം ആ സ്വത്ത് അനന്തരാവകാശികൾക്ക് നൽകില്ലെന്ന് കോൺഗ്രസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താൻ ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.