100-ാം ദിനത്തിലേയ്ക്ക് മോദി 3.0; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്, പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി 

By Web TeamFirst Published Sep 16, 2024, 8:03 PM IST
Highlights

സെപ്റ്റംബർ 17ന് മൂന്നാം എൻഡിഎ സർക്കാരിന്റെ 100-ാം ദിനവും നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനവുമാണെന്നതാണ് പ്രധാന സവിശേഷത. 

ദില്ലി: ബിജെപി നേതൃത്വം നൽകുന്ന മൂന്നാം എൻഡിഎ സർക്കാർ 100 ദിനങ്ങൾ പൂർത്തിയാക്കാനൊരുങ്ങവേ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ, റെയിൽ, റോഡ്, തുറമുഖം, വിമാനത്താവളം, മെട്രോ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾക്ക് അംഗീകാരം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.  അഹമ്മദാബാദിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ 100 ദിവസത്തിനുള്ളിൽ രാജ്യത്ത് 15-ലധികം പുതിയ റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 15 ആഴ്‌ചയ്‌ക്കിടെ 15 പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് ഓടിത്തുടങ്ങിയത്. ഓരോ ആഴ്‌ചയിലും ഓരോ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചെന്നാണ് ഇതിനർത്ഥമെന്നും ഈ 100 ദിവസത്തിനുള്ളിൽ വന്ദേ ഭാരത് ട്രെയിനുകളുടെ ശൃംഖല വിപുലീകരിച്ചത്  അതിശയിപ്പിക്കുന്ന വേഗത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Latest Videos

ആദ്യ 100 ദിവസങ്ങളിൽ പ്രതിപക്ഷം തന്നെ അപമാനിച്ചെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ പരിഹാസങ്ങൾക്കൊന്നും മറുപടി നൽകിയില്ലെന്നും ഈ കാലയളവിൽ സർക്കാരിന്റെ അജണ്ടകൾ പൂർത്തീകരിക്കുന്നത് ഉറപ്പാക്കാനാണ് താൻ ശ്രമിച്ചത്. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകർത്ത് ജനങ്ങളെ വിഭജിക്കാനാണ് ചില പ്രതിപക്ഷ നേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ജൂൺ 9നാണ് മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റത്. മൂന്നാം എൻഡിഎ സർക്കാർ 100 ദിനങ്ങൾ പൂർത്തിയാക്കുന്ന സെപ്റ്റംബർ 17ന് നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനം കൂടിയാണെന്നതാണ് മറ്റൊരു സവിശേഷത. 

READ MORE: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' 5 വർഷത്തിനുള്ളിൽ? നീക്കങ്ങൾ സജീവമാക്കി കേന്ദ്രം, റിപ്പോർട്ടുകൾ ഇങ്ങനെ

click me!