മൂന്ന് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ഇരട്ടി കൂടി. പുതുവത്സരരാത്രിയ്ക്കായി പ്രധാന നഗരങ്ങളിലെല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു.
ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ (Omicron )എണ്ണം ആയിരം കടന്നു. പ്രതിദിന കൊവിഡ് കേസുകളിലും (Covid 19) 27 ശതമാനം വർധനയുണ്ടായി. മൂന്ന് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ഇരട്ടി കൂടി. പുതുവത്സരരാത്രിയ്ക്കായി (New Year Eve) പ്രധാന നഗരങ്ങളിലെല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു.
കൊവിഡ് മൂന്നാം തരംഗമെന്ന ആശങ്കയോടെയാണ് രാജ്യം പുതുവർഷത്തിലേക്ക് (New Year 2022) കടക്കുന്നത്. ഒമിക്രോൺ ബാധിതരുടെ എണ്ണം 1270 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം മഹാരാഷ്ട്രയിൽ 420ഉം ദില്ലിയിൽ 320ഉം രോഗികളുണ്ട്. 109 രോഗികളുള്ള കേരളമാണ് ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ മൂന്നാമത്. ഒന്നര മുതൽ മൂന്ന് ദിവസം കൊണ്ട് ഒമിക്രോൺ വ്യാപനം ഇരട്ടിയാകുമെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
undefined
ഒമിക്രോണിൻറെ വ്യാപനം കൊവിഡ് കണക്കിലും പ്രതിഫലിച്ചു. പ്രതിദിന രോഗികളുടെ എണ്ണം പതിമൂവായിരത്തിൽ നിന്ന് പതിനാറായിരത്തി എഴുന്നൂറ്റി അറുപത്തി നാലിലെത്തി. എഴുപത്തിയൊന്ന് ദിവസത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിദിന വർധനയാണിത്. തിങ്കളാഴ്ച്ച ആറായിരത്തി ഇരുന്നൂറ്റി നാല്പത്തി രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്ത് മൂന്ന് ദിവസം കഴിയുമ്പോൾ പതിനാറായിരത്തിലേക്ക് കണക്കെത്തി. ദില്ലിയിൽ ഏഴുമാസത്തിന് ശേഷമാണ് പ്രതിദിന കൊവിഡ് കണക്ക് ആയിരം കടന്നത്. ഒമിക്രോൺ ഭീഷണിയുള്ളതിനാൽ പുതുവത്സര ആഘോഷങ്ങൾക്കും പിടി വീണു. ഒട്ടുമിക്ക സംസ്ഥാനങ്ങളും രാത്രി പത്ത് മുതൽ 5 വരെ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.
നാളെ മുതൽ കൗമാരക്കാർക്ക് വാക്സിനേഷന് ഓൺലൈനായി രജിസ്റ്റർ ചെയ്ത് തുടങ്ങാം. ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി ഏത് വാക്സിൻ നൽകണമെന്നതിൽ തീരുമാനമായില്ല എന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു.