ആന്ധ്രയിലെ ധർമ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്‍റെ കരയിലാണ് മൃതദേഹം കണ്ടത്.ഭൂമിയിടപാടും വ്യക്തിവൈരാഗ്യവും മൂലം കൊലപ്പെടുത്തിയതെന്ന് സംശയം
ഹൈദരാബാദ്:കേരളത്തിന്‍റെ ചുമതലയുള്ള എൻഎസ്‍യുഐ ദേശീയസെക്രട്ടറി രാജ് സമ്പത്ത് കുമാർ ആന്ധ്രയിൽ കൊല്ലപ്പെട്ടു. ധർമ്മവാരത്തെ ഒരു തടാകത്തിന്‍റെ കരയിലാണ് രാജ് സമ്പത്ത് കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
ശ്രീ സത്യസായി ജില്ലയിലെ ഹിന്ദുപൂർ സ്വദേശിയായ, ബീരു എന്ന് വിളിപ്പേരുള്ള രാജ് സമ്പത്ത് കുമാറിന്‍റെ മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെയാണ് ധർമ്മവാരത്തെ ഒരു തടാകത്തിന്‍റെ കരയിൽ കണ്ടെത്തിയത്. ദേഹമാസകലം ആഴത്തിലുള്ള പരിക്കുകളേറ്റിരുന്നു. ശരീരത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. അഭിഭാഷകൻ കൂടിയായ രാജ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട ചില തർക്കങ്ങളിലും കേസുകളിലും ഇടപെട്ടിരുന്നു. ഹിന്ദുപൂർ സ്വദേശി തന്നെയായ മറ്റൊരു അഭിഭാഷകനുമായി ഇക്കാര്യത്തിൽ ഭിന്നതയും നിലനിന്നിരുന്നു. ഈ അഭിഭാഷകനെ ആക്രമിച്ചെന്ന കേസിൽ പ്രതിയുമാണ് രാജ് സമ്പത്ത് കുമാർ. ഇതിന് പ്രതികാരമായിട്ടാണോ കൊലപാതകമെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച നെയ്യാറിൽ നടന്ന കെഎസ്‍യു ക്യാമ്പിൽ പങ്കെടുത്ത രാജ് സമ്പത്ത് കുമാർ ഇന്ന് കെഎസ്‍യുവിന്‍റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ വേണ്ടി എത്താനിരുന്നതാണ്. എന്നാൽ ഇന്നലെ രാത്രി വിളിച്ച് എത്താനാകില്ലെന്നറിയിച്ചുവെന്ന് കെഎസ്‍യു സംസ്ഥാനപ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
undefined
കഴിഞ്ഞ ഏപ്രിലിലാണ് രാജിന് എൻഎസ്‍യുഐ കേരളത്തിന്‍റെ ഏകോപനച്ചുമതല നൽകിയത്. രാജ് സമ്പത്ത് കുമാറിന്‍റെ മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ധർമാവരം പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.