തീവ്രവാദത്തിന്റെ കേന്ദ്രമല്ല, കശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കും; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

By Web TeamFirst Published Sep 6, 2024, 6:10 PM IST
Highlights

കർഷകർക്ക് 10,000 രൂപയുടെ സാമ്പത്തിക സഹായം, കാർഷിക പ്രവർത്തനങ്ങൾക്കുള്ള വൈദ്യുതി നിരക്കിൽ 50 ശതമാനം ഇളവ്, അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ എന്നിങ്ങനെ നിരവധി പ്രഖ്യാപനങ്ങൾ

ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രകടന പത്രിക കേന്ദ്ര മന്ത്രി അമിത് ഷാ പുറത്തിറക്കി. മേഖലയിൽ വികസനവും സുരക്ഷയും സാമ്പത്തിക വളർച്ചയും ത്വരിതപ്പെടുത്താനുള്ള ബിജെപിയുടെ പദ്ധതികൾ ഉൾപ്പെടുത്തിയതാണ്  പ്രകടന പത്രിക. തീവ്രവാദത്തിന്റെ കേന്ദ്രമെന്നത് മാറ്റി കശ്മീരിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നത് ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ പത്രികയിലുണ്ട്.

ജമ്മു കശ്മീരിനെ ഇന്ത്യയുമായി ഏകീകരിപ്പിക്കാനുള്ള പരിശ്രമമാണ് അക്കാലത്തും ബിജെപി നടത്തിയിട്ടുള്ളതെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സർക്കാറിന് കീഴിൽ കശ്മീരിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളും അമിത് ഷാ വിശദീകരിച്ചു. 

Latest Videos

പിഎം കിസാൻ സമ്മാൻ നിധിയിൽ കർഷകർക്ക് 10,000 രൂപയുടെ സാമ്പത്തിക സഹായം കാർഷിക പ്രവർത്തനങ്ങൾക്കുള്ള വൈദ്യുതി നിരക്കിൽ 50 ശതമാനം ഇളവ്, യുവാക്കൾക്കായി അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ, നീതിപൂർവകമായ നിയമന സംവിധാനം എന്നിവ ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.  ഓരോ വിദ്യാർത്ഥിക്കും 'പ്രഗതി ശിക്ഷാ യോജന' പ്രകാരം 3000 രൂപയുടെ യാത്രാ ആനുകൂല്യം നൽകും. മെഡിക്കൽ കോളേജുകളിൽ ആയിരം പുതിയ സീറ്റുകൾ തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.

'മാ സമ്മാൻ യോജന' പദ്ധതി പ്രകാരം എല്ലാ വീടുകളിലെയും മുതിർന്ന സ്ത്രീയ്ക്ക് വർഷം 18,000 രൂപയുടെ സഹായം, ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് എല്ലാ വർഷവും രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, ഭൂരഹിതർക്ക് അടൽ ഭവന പദ്ധതി പ്രകാരം വീടുവെയ്ക്കാൻ  ഭൂമി സൗജന്യമായി നൽകും എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾക്ക് പുറമെ വയോജന, വിധവ, വികലാംഗ പെൻഷനുകൾ മൂന്നിരട്ടിയായി വർദ്ധിപ്പിക്കും എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!